രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നുവെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഉടനെ അവസാനിക്കില്ലെന്നും വർധിച്ച ജാഗ്രത വേണമെന്നും കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുകയാണ്. കേരളത്തിലെ കോവിഡ് വ്യാപനം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ കൂടുതലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.
ഒരാളിൽ നിന്ന് ഒന്നിലധികം ആളുകൾക്ക് കോവിഡ് വ്യാപിക്കുന്നത് കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ്. അതായത് നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിലധികം ആളുകളിലേക്ക് പുതിയതായി കോവിഡ് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപന തോത് കൂടിയ അളവിലായിരിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ അവസ്ഥയാണുള്ളത്.
അതേസമയം, നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിൽ കുറവ് ആളുകളിലേക്ക് മാത്രമാണ് കോവിഡ് വ്യാപിക്കുന്നതെങ്കിൽ വ്യാപന തോത് കുറയുകയാണ്. കോവിഡ് തരംഗം അവസാനിക്കണമെങ്കിൽ ഈ പ്രവണത പ്രകടമാകണം. എന്നാൽ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപന തോത് കൂടി തന്നെ നിൽക്കുന്നതിനാൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമാണെങ്കിലും എട്ട് സംസ്ഥാനങ്ങളിലെ പ്രവണത മറിച്ചാണ്. അതുകൊണ്ടു തന്നെ കൂടുതൽ ജാഗ്രത ഉണ്ടെങ്കിൽ മാത്രമേ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാനാകുകയുള്ളൂവെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.