കോവിഡ് രണ്ടാം തരംഗം; പകച്ച് ഡൽഹി
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിെൻറ പടർച്ചാവേഗം സൃഷ്ടിച്ച പരിഭ്രാന്തിക്കും നിസ്സഹായതക്കും നടുവിൽ ഡൽഹി. രണ്ടു ദിവസത്തെ സമ്പൂർണ ലോക്ഡൗൺ റോഡിലും പൊതു ഇടങ്ങളിലും സൃഷ്ടിച്ച വിജനതക്കപ്പുറം, ആശുപത്രി മുതൽ ശ്മശാനം വരെ നിറഞ്ഞു കവിഞ്ഞു. നഗരത്തിൽ മൂന്നിലൊന്നു പേരും കോവിഡിെൻറ പിടിയിൽ. ഓക്സിജനും അവശ്യ മരുന്നുകൾക്കും ക്ഷാമം.
ഒരു വർഷം മുമ്പത്തെ ദുഃസ്ഥിതി പിന്നിട്ടതിെൻറ അമിത വിശ്വാസത്തിൽനിന്ന് അതിവേഗമാണ് നഗരവാസികൾ വീണ്ടും ഉത്കണ്ഠയിലേക്ക് തെന്നിവീണത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയും കടന്നു നിൽക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. സർക്കാർ രേഖകളിൽ ഉള്ളതിെൻറ പല ഇരട്ടിയാണ് വൈറസ് ബാധിതരുടെ യഥാർഥ കണക്ക്. അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള കോവിഡാണ് പൊടുന്നനെ സ്ഥിതി മാറ്റിയത്.
പെട്ടെന്നുണ്ടായ കോവിഡ് വ്യാപനത്തിനൊത്ത് സന്നാഹങ്ങൾ ഒരുക്കാൻ ആശുപത്രികൾ പെടാപാടിലാണ്. കോവിഡ് ബാധിതർക്ക് അവശ്യം വേണ്ട ഓക്സിജനു നേരിടുന്ന ക്ഷാമം മരണസംഖ്യ ഉയർത്തുന്ന സ്ഥിതി. കോവിഡ് ബാധിതരെ കിടത്താനും ഓക്സിജൻ എത്തിക്കാനുമുള്ള സംവിധാനങ്ങൾക്ക് തിരക്കിട്ട ശ്രമങ്ങൾ.
കോവിഡ് മൂലം ഉയരുന്ന പനി നിയന്ത്രിക്കാൻ നൽകേണ്ട മരുന്ന് ഡൽഹിയിൽ കിട്ടാനില്ല. കോവിഡ് രോഗിയുടെ വീട്ടിലെത്തി രക്തപരിശോധന നടത്താൻ ലബോറട്ടറികൾ തയാറാവുന്നില്ല. അവർക്കാകട്ടെ, പുറത്തിറങ്ങാൻ കഴിയാത്ത ക്വാറൻറീൻ നിയന്ത്രണങ്ങൾ മൂലം മറ്റു മാർഗങ്ങളുമില്ല. അഡ്മിറ്റ് ആകാൻ താൽപര്യപ്പെട്ടാൽ, ആശുപത്രികളിൽ ഒഴിവില്ല. ഗുരുതര സ്ഥിതിയുള്ളവർ മാത്രം ആശുപത്രികളിലേക്ക് വന്നാൽ മതിയെന്ന നിർദേശമാണ് അധികൃതർ നൽകുന്നത്. ഒരു െബഡിൽ രണ്ടു പേർ എന്നതു കൂടാതെ ആശുപത്രി വരാന്തകളിലും കോവിഡ് ബാധിതരാണ്. ഡൽഹി പോലൊരു മഹാനഗരത്തിലെ ഐ.സി.യു സംവിധാനങ്ങളിൽ ഇനി ബാക്കിയുള്ളത് 100 കിടക്കകൾ മാത്രമാണെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്.
രാജ്യവും കേന്ദ്രസർക്കാറും തെരഞ്ഞെടുപ്പു ലഹരിയിലായതിനാൽ, രണ്ടാം തരംഗത്തിെൻറ സൂചനകൾക്കൊത്ത മുന്നൊരുക്കങ്ങൾ ഉണ്ടാകാതെ പോയത് സാഹചര്യങ്ങൾ മോശമാക്കി. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാന ഭരണകൂടം കേന്ദ്രത്തോട് കൈകൂപ്പുന്ന സ്ഥിതിയായിരുന്നു ഞായറാഴ്ച. കോവിഡ് പെരുക്കം നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലേക്ക് പൂർണ ശ്രദ്ധയും തിരിഞ്ഞത് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങളെയും ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.