കോവിഡ് നിയന്ത്രണത്തിന് ആറു നിർദേശങ്ങൾ മുന്നോട്ട്വെച്ച് നീതി ആയോഗ് സി.ഇ.ഒ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗൺ അവാസാനിക്കാനിരിക്കെ മഹാമാരിയെ നേരിടാൻ ആറ് നിർദേശങ്ങളുമായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. റെഡ് സോൺ മേഖലയിൽ കർശന നിയന്ത്രണവും ‘ഹൈപ്പർ ഐസൊലേഷനും’ ഏർപ്പെടുത്തുക, സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും ജീവിതചര്യയുടെ ഭാഗമാക്കുക, വൈറസിൽ നിന്നും പിന്നോട്ട് പോകുക, 60 വയസ്സിന് മുകളിലുള്ളവരെയും രോഗാവസ്ഥയിലുള്ളവരെയും നോക്കുക, വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ, ഉപജീവനത്തിനായി, സമ്പദ്‌വ്യവസ്ഥ പൂർണമായ വിതരണ ശൃംഖലകളോടെ പുനഃരാരംഭിക്കുക എന്നീ നിർദേശങ്ങളാണ് അമിതാഭ് കാന്ത് മുന്നോട്ടുവെക്കുന്നത്.
ലോക്ഡൗൺ അനിയന്ത്രിതമായി നീട്ടുന്നത് രാജ്യത്ത് സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതും കേന്ദ്ര സർക്കാറിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളെയാണ് കേന്ദ്ര സർക്കാർ റെഡ് സോണായി തിരിച്ചിരിക്കുന്നത്. ഈ മേഖലയിൽ കർശന നിയന്ത്രണവും ‘ഹൈപ്പർ ഐസൊലേഷനും’ ഏർപ്പെടുത്തി വൈറസ് വ്യാപനം ഇല്ലതാക്കുക എന്നതാണ് അമിതാഭ് കാന്ത് മുന്നോട്ട് വെക്കുള്ള ആദ്യ നിർദേശം.
റെഡ് സോണല്ലാത്ത മേഖലകളിൽ നിന്നും ജോലികളിലേക്കും ദൈനംദിന ജീവിതത്തിലേക്കും മാറുന്നവർ ശാരീരിക അകലം പാലിക്കലും മാസ്ക് ധരിക്കലും ജീവിത ശൈലിയുടെ ഭാഗമാക്കുക. കോവിഡ് ബാധ പ്രതിരോധിക്കാൻ മുൻകരുതലുകൾ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് വൈറസ് തിരിച്ചു വരാതിരിക്കാൻ രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കണെമന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നത്. ഇങ്ങനെ വൈറസിൽ നിന്നും പിന്നോട്ട് പോവുക എന്നാണ് മറ്റൊരു നിർദേശം.
60 വയസിന് മുകളിലുള്ളവർക്കും രോഗാവസ്ഥയിലുള്ളവർക്കും വൈറസ് ബാധ ഗുരുതരമായി ബാധിക്കുമെന്നതിനാൽ അത്തരക്കാരെ അമിതശ്രദ്ധ നൽകി നോക്കുക. പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖം, ഹൃദയസംബന്ധമായ രോഗങ്ങൾ, കാൻസർ തുടങ്ങിയവയും ജനിതക രോഗങ്ങളും പ്രശ്നങ്ങളുമുള്ളവരിൽ വൈറസ് ബാധ മരണത്തിന് കാരണമായേക്കാമെന്നാണ് റിപ്പോർട്ട്. അതിനാൽ അപകട സാധ്യതയുള്ള ഈ വിഭാഗക്കാർക്ക് തുടർച്ചയായ പരിശോധനയും പരിചരണവും നൽകണമെന്നും ആവശ്യപ്പെടുന്നു.
കോവിഡ് പകർച്ചവ്യാധിയായതിനാൽ വാക്സിൻ കണ്ടെത്തുക എന്നത് അനിവാര്യതയാണ്. മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ അംഗീകരിക്കപ്പെട്ട വാക്സിൻ ഇല്ല എന്നതിനാലാണ് കോവിഡ് ബാധ ഒരു ശാശ്വത ഭീഷണിയായി തുടരുന്നത്.
ലോക്ഡൗൺ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി വിതരണ ശൃംഖലകൾ തുറന്നു കൊണ്ട് സമ്പദ്‌വ്യവസ്ഥ നിലനിർത്തുക എന്നതും ആളുകളുടെ ഉപജീവന മാർഗങ്ങൾക്ക് മുൻഗണന നൽകണമെന്നും അമിതാഭ് കാന്ത് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.