ചേരികളിൽ കോവിഡ് വ്യാപിക്കുന്നു; മുംബൈയിൽ ആശങ്ക
text_fieldsമുംബൈ: സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിൽ പ്രതിരോധ നടപടികൾ മറികടന്ന് കോവിഡ് ചേരികളിലേക്ക് വ്യാപിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിലെ 35കാരനായ ഡോക്ടർക്കും പവായ് മേഖലയിലെ ചേരിനിവാസിയായ 35കാരനും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വർധിച്ചു. 15 ലക്ഷത്തിലേറെ പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണ് ഡോക്ടർ. പ്രദേശത്ത് ക്ലിനിക് നടത്തുന്നതിനൊപ്പം സ്വകാര്യ ആശുപത്രിയായ വോഖഡിലും ഇദ്ദേഹം ജോലിചെയ്യുന്നുണ്ട്. ഇതോടെ ധാരാവി പ്രദേശത്ത് 4000 ഒാളം പേർ നിരീക്ഷണത്തിലാണ്.
രോഗം കണ്ടെത്തിയവർ താമസിച്ച കെട്ടിടങ്ങളും പരിസര പ്രദേശങ്ങളും സീൽ ചെയ്തു. ബുധനാഴ്ച ധാരാവിയിലെ ഗാർമെൻറ് കടയുടമയായ 56കാരൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡൽഹിയിൽ തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത നാലുപേർ നമസ്കാരത്തിന് പോയ അതേ മസ്ജിദിലാണ് ഇദ്ദേഹവും പോകാറുള്ളത്. നാലു പേരും നിരീക്ഷണത്തിലാണ്. പ്രദേശത്ത് രണ്ടര കിലോമീറ്റർ ചുറ്റളവിൽ ചെറുകുടിലുകളിലായി എട്ടു ലക്ഷം പേരുണ്ടെന്നാണ് കണക്ക്. നഗരസഭയുടെ ശുചീകരണ ജീവനക്കാരനാണ് ധാരാവിയിൽ രണ്ടാമത് രോഗം ബാധിച്ചത്. 15 പേർക്ക് രോഗം സ്ഥിരീകരിച്ച വർളി കോളിവാഡയിലാണ് ഇദ്ദേഹം താമസിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരിയാണ് വർളി കോളിവാഡ. രോഗം സ്ഥിരീകരിച്ച ഡോക്ടർ ധാരാവിയിലേക്ക് പ്രവേശിക്കുന്നിടത്താണ് താമസിക്കുന്നതെങ്കിലും ക്ലിനിക്കിൽ വരുന്നവരിൽ മിക്കവരും ചേരിയിൽ കഴിയുന്നവരാണ്. ഇദ്ദേഹം പ്രവർത്തിക്കുന്ന വൊഖഡ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഏഴു മലയാളി നഴ്സുമാരും ജോലിചെയ്യുന്നത്.
ധാരാവിക്ക് പുറമെ കലീന, ഘാട്കൂപ്പർ, പവായ്, വർളി പ്രദേശങ്ങളിലും ചേരികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്നതും പൊതു ശുചിമുറികൾ ഉപയോഗിക്കുന്നതും കോവിഡ് വ്യാപന സാധ്യത കൂട്ടുന്നു. ആർക്കൊക്കെ രോഗമുണ്ടെന്നും രോഗത്തിെൻറ ഉറവിടം അറിയാൻ കഴിയാത്ത അവസ്ഥയും വെല്ലുവിളിയാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മുംബൈയിലെ 235 പേരടക്കം മഹാരാഷ്ട്രയിൽ 423 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു മലയാളി ഉൾപടെ 24 പേർ മരിക്കുകയും ചെയ്തു.
തബ്ലീഗ് സംഗമം: 1400 പേരെ തിരിച്ചറിഞ്ഞു
മുംബൈ: ഡൽഹിയിലെ തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത സംസ്ഥാനത്തെ 1400 ഒാളം പേരെ തിരിച്ചറിഞ്ഞതായി മഹാരാഷ്ട്ര സർക്കാർ. ഇവരടക്കം സംശയമുള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ നഗരത്തിലെ ഗോരെഗാവിലെ എക്സിബിഷൻ സെൻററിൽ കൂറ്റൻ ക്വാറൻറീൻ കേന്ദ്രം ഒരുക്കും. സംഗമത്തിൽ പങ്കെടുത്ത 13 പേർക്ക് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡൽഹിയിലേതിന് സമാനമായി മാർച്ച് 12നും 13നും വസായിയിലെ സൺസിറ്റിയിൽ തബ്ലീഗ് സംഗമത്തിന് മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, പുണെയിൽ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംഗമത്തിനുള്ള അനുമതി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.