കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
text_fieldsന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനങ്ങളിലേക്ക്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പൊതുജനാരോഗ്യ വിദഗ്ധരെ അയക്കുക. 10 സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ അധ്യക്ഷതയിൽ കാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും മാസ്കും സാമൂഹിക അകലവും പാലിക്കാത്തതുമാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
കോവിഡ് ബാധിത പ്രേദശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ, ലോക്ഡൗൺ പ്രദേശങ്ങൾ എന്നിങ്ങനെ തിരിക്കുകയും പരിശോധന നിരക്ക് ഉയർത്തുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്യണമെന്ന് ഡൽഹി എയിംസ് തലവൻ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മഹാരാഷ്ട്രയിലാണ്. കഴിഞ്ഞദിവസം മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 57 ശതമാനവും മഹാരാഷ്ട്രയിലാണ്. മരണനിരക്കിൽ 47 ശതമാനവും മഹാരാഷ്ട്രയിലാണെന്ന് 14ദിവസത്തെ കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രക്ക് പുറമെ പഞ്ചാബിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 4.5ശതമാനവും പഞ്ചാബിലാണ്.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.