കുടകിൽ കോവിഡ് വ്യാപനം രൂക്ഷം
text_fieldsവീരാജ്പേട്ട: മലയാളികൾ ഏറെയുള്ള, കേരളത്തിെൻറ അതിർത്തി ജില്ലയായ കർണാടകയിലെ കുടകിൽ കോവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനുള്ളിൽ 12ഓളം പേർ മരിച്ചതിനെ തുടർന്ന് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പ്രതിദിനം 700ഓളം പുതിയ രോഗികളാണ് ഉണ്ടാകുന്നത്.
നിലവിൽ 19,000ത്തോളം പേർ ചികിത്സയിലാണ്. ചികിത്സ സൗകര്യങ്ങളുടെ പരിമിതിയാണ് മേഖലയെ ആശങ്കയിലാക്കുന്നത്. മടിക്കേരി ജില്ല ആശുപത്രി മാത്രമാണ് അത്യാസന്ന നിലയിലുള്ളവർക്ക് ഏക ആശ്രയം. വീരാജ്പേട്ടയിലും സോമവാർ പേട്ടയിലും താലൂക്ക് ആശുപത്രികൾ ഉണ്ടെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്.
മടിക്കേരി ജില്ല ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ മടിക്കേരിയിലുള്ളവർ വിദഗ്ധ ചികിത്സക്കായി കണ്ണൂരിനെയും മംഗളൂരു, മൈസൂരുവിനെയുമാണ് കൂടുതലായും ആശ്രയിച്ചിരുന്നത്. അതിർത്തിയിലെ നിയന്ത്രണം കാരണം ആർക്കും ജില്ല വിട്ട് പുറത്തുപോകാൻ കഴിയുന്നില്ല. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലും കടുത്ത നിയന്ത്രണം ഉള്ളതിനാൽ ജില്ലയിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. നൂറുകണക്കിന് ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്തു.
രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ അടച്ചിടൽ കാലത്തെ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ എല്ലാം പിൻവലിച്ചു. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, മദ്യഷോപ്പുകൾ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാവുന്ന സമയപരിധി കുറച്ചു. തിങ്കൾ, ബുധൻ, വെള്ളി രാവിലെ ആറുമുതൽ 10വരെ മാത്രമേ തുറക്കാൻ അനുവദിക്കുന്നുള്ളൂ. നേരത്തെ ഇത് ആറുമുതൽ രണ്ട് വരെയാക്കിയിരുന്നു. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നതിന് പൊലീസിെൻറ സർട്ടിഫിക്കറ്റ് വേണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധന ആരംഭിച്ചിട്ടുണ്ട്.
ലോക്ഡൗൺ നിലവിൽ വന്നതോടെ മാക്കൂട്ടം അതിർത്തിയിൽ പരിശോധന ശക്തമാക്കി. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി. മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് കർണാടക അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങി മാത്രമേ പ്രവേശിക്കാൻ കഴിയുകയുള്ളൂ.
കേരളത്തിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 14 ദിവസം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ചരക്കുവാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാർക്ക് നേരത്തെ ഉള്ളതുപോലെ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാക്കൂട്ടം ചെക്ക്പോസ്റ്റിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം 24 മണിക്കൂറും പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി.
കടുത്ത നിയന്ത്രണങ്ങളും രോഗവ്യാപനവും ഏറെ ആശങ്കപ്പെടുത്തുന്നത് മലയാളികളെയാണ്. കുടകിലെ വ്യാപാര സ്ഥാപനങ്ങളിൽ മൂന്നിൽ രണ്ടും മലയാളികളുടേതാണ്. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതോടൊപ്പം നാട്ടിലേക്ക് മടങ്ങാനും പറ്റാതെ വിഷമിക്കുകയാണ് വ്യാപാരികളും അവരുടെ കുടുംബങ്ങളും. തോട്ടം മേഖലയിൽ പണിക്കെത്തിയ നൂറുകണക്കിനാളുകളും പ്രയാസം നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.