കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് പെരുപ്പം കുത്തനെ ഉയരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഞായാറാഴ്ച ഡൽഹിയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. പ്രതിരോധത്തിനായി ജില്ലതലത്തിൽ ആവശ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കിനൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുതിർന്നവർക്കുള്ള വാക്സിൻ കുത്തിവെപ്പ് വേഗത്തിലാക്കണം. സംസ്ഥാനങ്ങൾ കോവിഡ് പരിശോധന ശേഷി വർധിപ്പിക്കണം. അടിയന്തര കോവിഡ് പ്രതികരണ പാക്കേജിൽ ഉൾപ്പെടുത്തി ഐ.സി.യു ബെഡുകൾ, ഓക്സിജൻ, കോവിഡ് മരുന്നുകളുടെ ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തണമെന്നും യോഗത്തിൽ മോദി ആവശ്യപ്പെട്ടു. ഉയർന്ന കേസുകളുള്ള പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തണം. ഗ്രാമപ്രദേശങ്ങളിലേക്ക് ആരോഗ്യ സംബന്ധമായ മാർഗനിർദേശങ്ങൾ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ. വി.കെ. പോൾ, ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,59,632 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനത്തിലെത്തി. 327 പേർ മരിച്ചു. 40,863 പേർ രോഗമുക്തി നേടി. ഒമിക്രോൺ കേസുകളുടെ എണ്ണം 3,623 ആയി ഉയർന്നു. 1,009 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി 513, കർണാടക 441, രാജസ്ഥാൻ 373 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.