മാവോയിസ്റ്റുകൾക്കിടയിൽ കോവിഡ് വ്യാപനം; 10 പേർ മരിച്ചെന്ന് സൂചന, കീഴടങ്ങാനാവശ്യപ്പെട്ട് പൊലീസ്
text_fieldsഛത്തീസ്ഗഡ്: മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ കോവിഡ് വ്യാപിച്ചതായി സൂചന. നിരവധി മാവോയിസ്റ്റുകൾക്ക് ഇതിനകം തന്നെ കോവിഡ് ബാധിച്ച് മരിച്ചതായും അവരുടെ കേഡർമാർക്കിടയിൽ രോഗം പടർന്നിട്ടുണ്ടെന്നും ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ പറഞ്ഞു. 10 പേരെങ്കിലും അണുബാധ മൂലം മരിച്ചിരിക്കാമെന്നാണ് നിഗമനം. 200 നക്‌സലുകൾക്ക് കൊറോണ വൈറസ് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമാകുന്ന സാഹചര്യത്തിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം ബാധിച്ചവർക്ക് പോലീസ് മരുന്നുകൾ നൽകുമെന്നും കീഴടങ്ങുന്നവരെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനങ്ങളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഗ്രാമീണ ആദിവാസികളുമായി മാവോയിസ്റ്റുകൾ കൂടിച്ചേരുന്നത് നിരപരാധികളായ ആദിവാസി ഗ്രാമീണരുടെ ജീവൻ അപകടത്തിലാക്കുമെന്നും എസ്.പി പറഞ്ഞു.ഏതാനും ആഴ്ചകളായി കോവിഡ് അണുബാധയെത്തുടർന്ന് സി.പി.ഐ-മാവോയിസ്റ്റ് ഗ്രൂപ്പിലെ പത്തോളം അംഗങ്ങൾ മരിച്ചതായി ബസ്തർ പൊലീസും അവകാശപ്പെടുന്നു. തിങ്കളാഴ്ച രാത്രി ബിജാപൂർ, സുക്മ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ സഹപ്രവർത്തകരുടെ മൃതദേഹങ്ങൾ നക്സലുകൾ കത്തിച്ചതായി നാട്ടുകാർ അറിയിച്ചതായി പോലീസ് പറഞ്ഞു. ബിജാപൂരിലെ ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പീഡിയ പ്രദേശത്ത് അഞ്ഞൂറോളം നക്സലുകൾ ഒത്തുകൂടിയതായി ദന്തേവാഡ എസ്.പി പറഞ്ഞു. കാലഹരണപ്പെട്ട മരുന്നുകളും കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങളും വൻതോതിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതായും സൂചനയുണ്ട്.
ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൽനാർ വനത്തിലെ മാവോയിസ്റ്റ് ക്യാമ്പിൽ നടത്തിയ റെയ്ഡിൽ സുരക്ഷാ സേന കത്ത് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു. മുതിർന്ന മാവേയിസ്റ്റ് നേതാവിന് ക്യാമ്പിലുള്ളവർ എഴുതിയ കത്താണ് ഇതെന്നാണ് പൊലീസ് വാദം. കത്തിൽ സംഘടനയിലെ ഉയർന്ന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർക്ക് രോഗം(പേര് സൂചിപ്പിച്ചിട്ടില്ല) ബാധിച്ചതായി പറയുന്നുണ്ട്. രോഗബാധയിൽ ആശങ്കയുണ്ടെന്നും വിഷയം ഗൗരവമായി കാണാനും മുതിർന്ന മാവോയിസ്റ്റ് നേതാവിനോട് കത്തിൽ അഭ്യർഥിച്ചിരുന്നു. അസുഖം കോവിഡ് ആണെന്ന് കത്തിൽ പറഞ്ഞിട്ടില്ലെങ്കിലും അത്തരമൊരു നിഗമനത്തിലാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ.
'ഞങ്ങൾക്ക് ലഭിച്ച ഫീൽഡ് റിപ്പോർട്ട് രോഗബാധ സ്ഥിരീകരിക്കുന്നു'-ഐ.ജി സുന്ദർരാജ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ്, ദർഭ ഡിവിഷനിലെ 100 മാവോയിസ്റ്റുകൾക്ക് കോവിഡ് ബാധിച്ചതായും അവരിൽ പലരും ഗുരുതരമായി ആസുഖ ബാധിതരാണെന്നും അഭ്യൂഹമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.