കോവിഡ്: സിഗരറ്റ് വിൽപ്പന താൽക്കാലികമായി നിരോധിക്കാൻ നിർദേശിച്ച് ബോംബെ ഹൈകോടതി
text_fieldsമുംബൈ: കോവിഡ് പടരുന്ന സാഹചര്യത്തിൽ സിഗരറ്റ്, ബീഡി വിൽപ്പന താൽക്കാലികമായി നിരോധിക്കുന്നത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്രത്തിൽനിന്നും സംസ്ഥാന സർക്കാറിൽനിന്നും പ്രതികരണം തേടി. പുകവലി ശീലമാക്കിയവരിൽ കോവിഡ് വന്നതിന്‍റെ കണക്കും കോടതി ആരാഞ്ഞു. കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സർക്കാറുകൾ നിരോധനം പരിഗണിക്കണം.
കോവിഡ് രോഗികൾക്ക് റെംഡെസിവിർ മരുന്ന് ലഭ്യമാക്കാൻ സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാറിനോട് നിർദേശിച്ചു. മരുന്നിനായി രോഗികളെ ഓടിപ്പിക്കരുത്. രോഗം ബാധിച്ച ഓരോ വ്യക്തിയും സമ്മർദ്ദത്തിനും ആഘാതത്തിനും വിധേയരാണെന്നും ഗുരുതരമായ രോഗബാധിതരുടെ കഷ്ടപ്പാടുകൾ വിവരിക്കാനാവില്ലെന്നും ഹൈകോടതി പറഞ്ഞു.
മുംബൈയിലെ അഭിഭാഷകൻ സ്നേഹ മർജാദി സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
റെംഡെസിവിർ മരുന്നിന്‍റെ ദൗർലഭ്യം, ഓക്സിജൻ വിതരണത്തിലെ കുറവ്, കോവിഡ് ബെഡ് മാനേജ്മെന്‍റ്, ആർ.ടി-പി.സി.ആർ, റാപ്പിഡ് ആന്‍റിജൻ ടെസ്റ്റുകൾ നടത്താനുള്ള കാലതാമസം എന്നിവയെക്കുറിച്ചുള്ള പരാതിയാണ് ഹരജിയിൽ സമർപ്പിച്ചിരുന്നത്.
ഏപ്രിൽ 25നകം വിപണിയിൽ റെംഡെസിവിർ മരുന്നിന്‍റെ കുറവ് നികത്താൻ സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് പ്രതിദിനം ഒരു ലക്ഷം കുപ്പികൾ ലഭിക്കുമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജനറൽ അശുതോഷ് കുംഭകോണി കോടതിയെ ധരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.