കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ; തീവ്രത കുറയുമെന്ന് ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രണ്ടാം തരംഗത്തിന്‍റെ അത്ര രൂക്ഷമാകില്ല മൂന്നാം ഘട്ടമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തിൽ ഉണ്ടാവുക. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് അപകടം വരുത്തുമെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്ന് ഐ.എം.എയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യവ്യാപക തരംഗമായിരിക്കും ഉണ്ടായിരിക്കുകയെങ്കിലും രണ്ടാം ഘട്ടത്തില്‍ ഉണ്ടായിരുന്നതു പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐ.സി.എം.ആറില്‍ നിന്നുള്ള ഡോ. സമീരന്‍ പാണ്ഡെ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും. ഒന്നും രണ്ടും ഘട്ടത്തിലൂടെ ആര്‍ജിച്ചെടുത്ത പ്രതിരോധശേഷിയെ അതിജയിക്കുന്ന വൈറസ് വകഭേദം ഉണ്ടായിത്തീരുന്നതും മൂന്നാം തരംഗത്തിന്‍റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
കോവിഡ് മുന്നറിയിപ്പുകള്‍ ജനങ്ങള്‍ വകവെക്കുന്നില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കാലാവസ്ഥ പ്രവചനം കേള്‍ക്കുന്ന പോലെയാണ് ആളുകള്‍ കോവിഡ് മുന്നറിയിപ്പുകളെ കാണുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയുണ്ടായി. ഡെല്‍റ്റ വകഭേദം ഉരുത്തിരിഞ്ഞ കാരണം, മൂന്നാം തരംഗത്തിന്‍റെ ആദ്യഘട്ടത്തിലേക്ക് ലോകം കടന്നതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.