കുട്ടികളില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി; കോവിഡ് മൂന്നാംതരംഗം ബാധിച്ചേക്കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ-എയിംസ് പഠനം
text_fieldsന്യൂഡൽഹി: കുട്ടികളിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെയും (ഡബ്ല്യു.എച്ച്.ഒ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെയും (എയിംസ്) പഠന റിപ്പോർട്ട്. പഠനത്തിലെ പ്രാഥമിക കണ്ടെത്തൽ കോവിഡിന്‍റെ മൂന്നാംതരംഗം മറ്റ് വിഭാഗങ്ങളെക്കാൾ കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയെ അൽപമെങ്കിലും അകറ്റുന്നതാണ്. വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്‍റെ ശേഷിയെ ആണ് സിറോ പോസിറ്റിവിറ്റി എന്ന് പറയുന്നത്. ഇത് കുട്ടികളിൽ കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഡൽഹി അർബൻ, ഡൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിലായിരുന്നു പഠനം. ഡൽഹി അർബൻ (11), ഡൽഹി റൂറൽ (12), ഭുവനേശ്വർ (11), ഗോരഖ്പുർ (13), അഗർത്തല (14) എന്നിങ്ങനെ ആയിരുന്നു പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം. മാർച്ച് 15നും ജൂൺ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്.
വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ 700 പേർ 18 വയസ്സിനു താഴെയുള്ളവരും 3809 പേർ പതിനെട്ടു വയസ്സുള്ളവരുമാണ്. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സിറം ആന്‍റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്നും ഗവേഷകർ പറഞ്ഞു.
പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സിറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് സർവെക്ക് നേതൃത്വം നൽകിയ എയിംസ് കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. പുനീത് മിശ്ര അറിയിച്ചു. അതിനാൽ തന്നെ നിലവിലെ കോവിഡ് വകഭേദം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.