ഡല്‍ഹിയിലെ ആശുപത്രികളിൽ ആപ്–ബി.ജെ.പി രാഷ്ട്രീയം
text_fieldsന്യൂഡല്‍ഹി: കോവിഡിനും മരണത്തിനുമിടയില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ ദുരിതം വിതക്കുമ്പോള്‍ അവയുടെ ഉടമസ്ഥാവകാശം നോക്കിയുള്ള ചളിവാരിയെറിയലിലാണ് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും. കോവിഡ് ബാധിച്ച് മനുഷ്യർ മരിക്കുന്നതിൽ ഇരുകൂട്ടർക്കും വേവലാതിയൊട്ടുമില്ല.
ആം ആദ്മി സര്‍ക്കാറിന് കീഴിലുള്ള ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയുടെ പോരായ്മ വാര്‍ത്തയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ബി.ജെ.പി മുനിസിപ്പല്‍ കോര്പറേഷന് കീഴിലുള്ള കസ്തൂര്‍ബ, ഹിന്ദുറാവു ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മൂന്നു മാസമായി ശമ്പളം കിട്ടാതെ പണിമുടക്കിന് നോട്ടീസ് കൊടുത്തിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നീ മൂന്നു കൂട്ടര്‍ക്കാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ഉടമസ്ഥാവകാശം. രാജ്യത്തെ പ്രഗല്ഭ ആതുരാലയമായ ഒാള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, രാം മനോഹര്‍ ലോഹ്യ ആശുപത്രി, സഫ്ദര്‍ജങ് ആശുപത്രി തുടങ്ങിയവ കേന്ദ്ര സര്‍ക്കാറിന് കീഴിലാണ്. അതേസമയം, ഡല്‍ഹിയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സ കേന്ദ്രമായ എല്‍.എന്‍.ജെ.പി ആശുപത്രി അടക്കമുള്ളവ ഡല്‍ഹി സര്‍ക്കാറിന് കീഴിലാണ്. ഇതു കൂടാതെയാണ് മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കീഴിൽ മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍. മൂന്നു കോര്‍പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
അതില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് കീഴില്‍ വരുന്നതാണ് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പണിമുടക്കിന് നോട്ടീസ് കൊടുത്ത കസ്തൂര്‍ബ, ഹിന്ദുറാവു ആശുപത്രികൾ. ജോലി രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ഡോക്ടര്‍മാര്‍ ഇതിനായി ഒരാഴ്ചത്തെ അവധി കോര്പറേഷന് നല്‍കിയിരിക്കുകയാണ്. ദരിയഗഞ്ച് കസ്തൂര്‍ബ ആശുപത്രിയിലെ 100 ഡോക്ടര്‍മാര്‍, ജൂണ്‍ 16നകം ശമ്പളം തന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് കത്തെഴുതിയത് പത്തിനാണ്. നേരത്തേ സമരം നിശ്ചയിച്ചതായിരുന്നെങ്കിലും കോവിഡിനിടയില്‍ സമരം ചെയ്ത് രോഗികളെ പ്രയാസപ്പെടുത്തേണ്ട എന്ന് കരുതി പിന്മാറിയതായിരുന്നുവെന്ന് െറസിഡൻറ് ഡോക്ടര്‍ അസോസിയേഷന് പ്രസിഡൻറ് ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.
ഹിന്ദുറാവു ആശുപത്രിയിലെ െറസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷനും ജൂണ്‍ പത്തിന് കത്തെഴുതിയിട്ടുണ്ട്. 18 വരെയാണ് അവര്‍ കോര്പറേഷന് നല്കിയ സമയം. ഒന്നോ രണ്ടോ മാസമൊക്കെ ശമ്പളം വൈകുന്നത് പതിവാണെങ്കിലും മൂന്നു മാസം ശമ്പളം നല്‍കാതിരിക്കുന്നത് ഇതാദ്യമാണെന്ന് െറസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷന് പ്രസിഡൻറ് ഡോ. അഭിമന്യു സര്‍ദാന പറഞ്ഞു.
മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് കീഴിലുള്ള 16 പോളിക്ലിനിക്കുകളിലും മൂന്നു മാസമായി ശമ്പളമില്ല. മാസ്ക് പോലും സ്വന്തം ചെലവിൽ വാങ്ങേണ്ട ഗതികേടിലാണ് ഈ ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍. കേന്ദ്രത്തിന് കീഴിലുള്ള എയിംസിലാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയേറ്റത്. തങ്ങള്‍ നടത്തുന്ന കോവിഡ് ആശുപത്രികളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ആപിെൻറ ആശുപത്രികളിലേക്ക് ബി.ജെ.പി വിരല്‍ചൂണ്ടുമ്പോള്‍ ആപ് അതേ നാണയത്തില്‍ തിരിച്ചും പ്രചാരണം നടത്തുകയാണ്. ഇതിനിടയില്‍ ചികിത്സ കിട്ടാതെ ബലിയാടാകുന്നത് ഡല്‍ഹിയിലെ സാധാരണ മനുഷ്യരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.