24 മണിക്കൂറിനിടെ 19,556 പേർക്ക് കോവിഡ്; ആറ് മാസത്തിനുശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
text_fieldsന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 19,556 പേർക്ക് മാത്രം. ജൂലൈ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ ഒരു ലക്ഷത്തിന് അടുത്തുവരെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് ഇതുവരെ 1,00,75,116 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 310 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1,46,111 ആയി.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ഡൽഹി, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ തിങ്കളാഴ്ച 803 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം, തലസ്ഥാന നഗരിയിൽ ആഗസ്റ്റ് 17ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ബ്രിട്ടനിൽ കൊറോണ ൈവറസിന്‍റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിലെ മുംബൈയിലും മറ്റ് നഗരങ്ങളിലും ജനുവരി അഞ്ചുവരെ രാത്രി 11 മുതൽ 6 വരെ കർഫ്യൂ ഏർപ്പെടുത്തി. യൂറോപ്പിൽനിന്നും ഗൾഫ് രാജ്യങ്ങളിനിന്നും വരുന്നവർക്കായി പുതിയ ക്വാറന്‍റീൻ നിയമങ്ങളും പ്രഖ്യാപിച്ചു.
ഇവിടെനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാണ്. ബ്രിട്ടനിലേക്കുള്ള വിമാനവിലക്ക് വരുന്നതിന് മുമ്പായി ഡിസംബർ 22ന് അർധരാത്രി വരെ അഞ്ച് വിമാനങ്ങളിലായി ആയിരത്തോളം പേർ മഹാരാഷ്ട്രയിൽ എത്തുമെന്നാണ് കണക്ക്. ഇവരെയെല്ലാം ക്വാറന്‍റീൻ കേന്ദ്രത്തിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.