ഡൽഹിയിൽ കോവിഡ് ചികിത്സ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് വിദഗ്ധ സമിതി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് 19 ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന ശിപാർശയുമായി സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സമിതി. രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിച്ചതിനെയും ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്നതായ പരാതി ഉയർന്നതിനെയും തുടർന്നാണ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി പോരായ്മകൾ നികത്താൻ ഡോ. മഹേഷ് വർമ്മ തലവനായ അഞ്ചംഗ ഡോക്ടർമാരുടെ സമിതിക്ക് കെജ്രിവാൾ സർക്കാർ രൂപം നൽകിയത്.
ഡൽഹിയിലെ ചികിത്സാ സൗകര്യങ്ങൾ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്നാണ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതിയുടെ പ്രധാന നിർദേശം. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മൂന്ന് ദിവസം കൊണ്ട് ആശുപത്രികൾ നിറയുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സർക്കാർ വൈകാതെ സ്വീകരിക്കുമെന്നാണ് സൂചന.
അതേസമയം, കോവിഡ് രോഗലക്ഷണങ്ങളുമായെത്തുന്ന ആരെയും ആശുപത്രിയിൽ നിന്ന് തിരിച്ചയക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇക്കാര്യത്തിൽ ചില ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചിരിക്കാം, ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് രോഗികൾക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ.
അതിനിടെ ഡൽഹി അതിർത്തിയിലെ ഗ്രേറ്റർ നോയ്ഡയിൽ ഗർഭിണി ചികിത്സ ലഭിക്കാതെ മരിച്ചതും വിവാദമായി. കിടക്കയില്ലെന്ന് പറഞ്ഞ് എട്ട് ആശുപത്രികളിൽ നിന്ന് ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ആംബുലൻസിൽ 13 മണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് ഗർഭിണി മരിച്ചത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.