50 വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ മാർച്ചിൽ തുടങ്ങും
text_fields
ന്യൂഡൽഹി: 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് രാജ്യത്ത് മാർച്ച് മാസം മുതൽ കുത്തിവെപ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. 27 കോടി പേരാണ് മൊത്തം ഈ വിഭാഗത്തിൽ കുത്തിവെപ്പിന് വിധേയരാകുക.
ജനുവരി 16ന് ആരംഭിച്ച വാക്സിനേഷൻ ഇതുവരെ 50 ലക്ഷം പേരിൽ പൂർത്തിയായതായി മന്ത്രി അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെപ്പ് നൽകുകയായിരുന്നു ഒന്നാം ഘട്ടത്തിൽ ലക്ഷ്യം. അതുകഴിഞ്ഞ് രണ്ടു കോടി സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകും. ഒന്നാം ഘട്ടം പൂർത്തിയാക്കിയ സംസ്ഥാനങ്ങൾ രണ്ടാം ഘട്ടമായ സന്നദ്ധ പ്രവർത്തകർക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടുണ്ട്. അതും പൂർത്തിയാകുന്ന മുറക്ക് മാർച്ച് മാസത്തിൽ മുതിർന്ന പൗരൻമാർക്ക് നൽകാനാകുമെന്നാണ് കരുതുന്നത്. തീയതി നിശ്ചയിച്ചിട്ടില്ല.
രാജ്യത്ത് നിർമാണം സജീവമായ കോവിഡ് വാക്സിനുകൾക്ക് ഇതുവരെ 22 രാജ്യങ്ങൾ ആവശ്യവുമായി രംഗത്തെത്തിയതായി മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താൻ, ബംഗ്ലദേശ്, ഭൂട്ടാൻ, മൗറീഷ്യസ്, ശ്രീലങ്ക, യു.എ.ഇ, മാലദീപുകൾ, മൊറോക്കൊ, ബഹ്റൈൻ, ഒമാൻ, ഈജിപ്ത്, അൾജീരിയ, കുവൈത്ത്, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപെടെയാണ് ഇതുവരെ ഇന്ത്യയെ സമീപിച്ച രാജ്യങ്ങൾ. 13 രാജ്യങ്ങൾക്ക് ഇതിനകം വാക്സിൻ നൽകാനായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.