കോവിഡ് രോഗിയെ സംസ്കരിക്കുന്നതിനിടെ കല്ലേറ്; പാതി ദഹിപ്പിച്ച മൃതദേഹവുമായി കുടുംബം ശ്മശാനംവിട്ടു
text_fieldsന്യുഡൽഹി: ജമ്മുവിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികൻെറ സംസ്കാര ചടങ്ങിനിടെ ആൾക്കൂട്ട ആക്രമണം. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികൾ കല്ലേറും ആക്രമണവുമായി രംഗത്തെത്തിയത്.
എതിർപ്പ് രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലൻസിൽ കയറ്റി കുടുംബം ശ്മശാനം വിട്ടു. പിന്നീട്ര മറ്റൊരിടത്തെത്തി സംസ്കാര ചടങ്ങുകൾ നടത്തി. ജമ്മു പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച നാലാമത്തെ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ദോദ ജില്ലയിൽ 72 കാരനാണ് കഴിഞ്ഞദിവസം മരിച്ചത്.
വയോധികൻെറ സ്വന്തം ജില്ലയിൽതന്നെ സംസ്കാരം നടത്താൻ പ്രാദേശിക അധികൃതരും ആരോഗ്യ വിദഗ്ധരും തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രദേശത്ത് കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഒരുക്കങ്ങൾ ക്രമീകരിച്ചു. എന്നാൽ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ പ്രദേശത്തേക്ക് സംഘടിച്ചെത്തുകയായിരുന്നു. തുടർന്ന് സംസ്കാരം പൂർത്തിയാക്കാൻ അനുവദിക്കാതെ ഇവർക്കുനേരെ കല്ലെറിയുകയായിരുന്നു.
ഒടുവിൽ നഗരത്തിലെ മറ്റൊരു ശ്മശാനത്തിലെത്തിയാണ് വയോധികൻെറ സംസ്കാരം നടത്തിയത്. ഇവിടെ കനത്ത സുരക്ഷ ഒരുക്കിയായിരുന്നു സംസ്കാരം. മുതിർന്ന സിവിൽ ഓഫിസർമാർ, അഡീഷനൽ ഡെപ്യൂട്ടി കമീഷനർ, സബ് ഡിവിഷനൽ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
വയോധികൻെറ ഭാര്യയും രണ്ടു മക്കളും ആരോഗ്യ പ്രവർത്തകരും മാത്രമായിരുന്നു സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. അധികാരികളിൽനിന്ന് അനുമതി വാങ്ങിയാണ് സ്വന്തം ജില്ലയിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് വയോധികൻെറ മകൻ പ്രതികരിച്ചു. യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടില്ലെന്നായിരുന്നു വിശ്വാസം. സംഭവ സ്ഥലത്ത് സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും അവർ സഹായിക്കാൻ തയാറായിരുന്നില്ല.
അതേസമയം ആംബുലൻസ് ഡ്രൈവറും ആശുപത്രി അധികൃതരും തങ്ങളെ സഹായിക്കാൻ തയാറായി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകൾക്ക് പ്രത്യേക മാനദണ്ഡങ്ങൾ സർക്കാരുകൾ തയാറാക്കണമെന്നും ഭരണാധികാരികൾ അതിന് നേതൃത്വം നൽകണമെന്നും മകൻ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതഹേഹം സംസ്കരിക്കുന്ന പ്രദേശത്ത് വൈറസ് വ്യാപനമുണ്ടാകുമെന്ന പേടിമൂലമാണ് ആൾക്കൂട്ടം തടഞ്ഞതെന്ന് െപാലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.