ഇനി വാക്സിൻ ആദായ വിൽപന!; കോവിഷീൽഡിനും കൊവാക്സിനും ഡോസിന് 275 രൂപയാകാൻ സാധ്യത
text_fieldsന്യൂഡൽഹി: 100 കോടിയോളം പേർ കോവിഡിനെതിരായ ആദ്യ ഡോസ് വാക്സിനെടുത്ത രാജ്യത്ത് ഒടുവിൽ വാക്സിനുകൾക്ക് ഏകദേശം പത്തിലൊന്നായി വില കുറയാൻ വഴിയൊരുങ്ങുന്നു. കോവിഷീൽഡിനും െകാവാക്സിനും ഡോസിന് 275 രൂപയാകാനാണ് സാധ്യത. സ്വകാര്യ ആശുപത്രികളിൽ 150 രൂപ സർവിസ് ചാർജും നൽകണം.
നിലവിൽ ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയാണ് ഡോസിന്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിന് 780 രൂപയാണ് ഈടാക്കുന്നത്. 150 രൂപ സർവിസ് ചാർജ് ഉൾപ്പെടെയാണ് ഈ വില. രാജ്യത്ത് 93,26,06,511 പേരാണ് ഇതുവരെ ഒരുഡോസ് വാക്സിനെടുത്തതെന്നാണ് 'അവർ വേൾഡ് ഇൻ ഡാറ്റ ഡോട്ട് ഓർഗ്' കണക്കുകളിൽ പറയുന്നത്. 68,91,33,722 പേർ രണ്ടുഡോസും 85,72,097 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു.
ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊവിഡ്-19 വാക്സിനുകളാണ് കോവിഷീൽഡും കോവാക്‌സിനും. ഇവയുടെ വില താങ്ങാനാവുന്ന തരത്തിലാക്കാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് പുനർനിർണയിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉഝദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ എമർജൻസി യൂസ് ഓതറൈസേഷൻ (ഇ.യു.എ) അനുവദിച്ച രണ്ട് വാക്‌സിനുകൾക്കും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യിൽ നിന്ന് ഉടൻ വിപണി അനുമതി ലഭിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് (എൻപിപിഎ) നിർദ്ദേശം നൽകിയിട്ടുണ്ട്. "വാക്‌സിനുകളുടെ വില നിയന്ത്രിക്കാൻ എൻപിപിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോസിന് 275 രൂപയും സർവിസ് ചാർജ് 150 രൂപയും ഈടാക്കാനാണ് സാധ്യത" -അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.