കാമധേനു ആയോഗ് അധ്യക്ഷൻ പോയി; പശു പരീക്ഷ നീട്ടി
text_fieldsന്യൂഡൽഹി: പശുക്കളെ കുറിച്ച വിജ്ഞാന വ്യാപനത്തിെൻറ പേരിൽ തുടങ്ങിയ രാഷ്ട്രീയ കാമധേനു ആയോഗ് പ്രഖ്യാപിച്ച പശുപരീക്ഷ നീട്ടി. ആയോഗ് അധ്യക്ഷൻ പടിയിറങ്ങിയതിനു പിന്നാലെയാണ് രാജ്യത്ത് വിവാദം സൃഷ്ടിച്ച പരീക്ഷ തത്കാലം നീട്ടിവെച്ചത്. പുതിയ അധ്യക്ഷൻ പദവിയേറ്റ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
കാമധേനു ഗൗ വിജ്ഞാൻ പ്രചാർ- പ്രസാർ പരീക്ഷ എന്ന പേരിൽ ഫെബ്രുവരി 25നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്. മോക് പരീക്ഷ ഫെബ്രുവരി 21നുമാണ് നിശ്ചയിച്ചിരുന്നത്. രണ്ടും അനിശ്ചിതമായി നീട്ടിയിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് പശു സംരക്ഷണം എന്ന പേരിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിച്ചത്. വല്ലഭ്ഭായ് കത്തിരിയ ആയിരുന്നു അധ്യക്ഷൻ. സുനിൽ മാൻസിങ്ക, ഹുകും ചന്ദ് സാവ്ല എന്നിവർ നോൺ ഒഫീഷ്യൽ അംഗങ്ങളും. 'പശു ശാസ്ത്ര'വും പശു വിജ്ഞാന പരീക്ഷയും പ്രഖ്യാപിച്ച് വിവാദത്തിൽ പെട്ട കത്തിരിയ കഴിഞ്ഞ ദിവസം പുറത്തുപോയതോടെയാണ് പരീക്ഷയും മുടങ്ങിയത്.
ജനുവരി അഞ്ചിന് ഗോ വിജ്ഞാൻ പരീക്ഷ പ്രഖ്യാപിച്ച് കത്തിരിയ പറഞ്ഞതിങ്ങനെ: ''പശുവെന്നാൽ നിറയെ ശാസ്ത്രമാണ്... അഞ്ചു ലക്ഷം കോടി മൂല്യമുള്ള സമ്പദ്വ്യവസ്ഥയെ കുറിച്ച് സംസാരിക്കുേമ്പാൾ 19.42 കോടി കന്നുകാലികൾ നമുക്ക് രാജ്യത്തുണ്ട്. അവക്ക് സമ്പദ്വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കാനാകും. പശു പാൽ തന്നില്ലെങ്കിൽ പോലും അതിെൻറ മൂത്രവും ചാണകവും അമൂല്യമാണ്. അവ നാം ഉപയോഗപ്പെടുത്തിയാൽ പശുക്കൾ മാത്രമല്ല, രാജ്യം തന്നെയും രക്ഷപ്പെടും''.
പരീക്ഷക്ക് റഫറൻസ് എന്ന നിലക്ക് അടുത്തിടെ പുറത്തിറക്കിയ 54 പേജുള്ള കൈപുസ്തകം വിദേശ ജനുസ്സുകൾക്കു മേൽ ഇന്ത്യൻ ഗോ ഇനങ്ങളുടെ മേന്മ വിശദീകരിക്കുന്നു. ഭോപാൽ വാതക ദുരന്തത്തിൽ പോലും ചാണകം ഉപയോഗിച്ചവർ രക്ഷപ്പെട്ടതായും ഗോവധവും ഭൂചലനവും തമ്മിൽ ബന്ധമുള്ളതായും പുസ്തകം പറയുന്നു. പശുവിനെ തിന്നുന്ന നേതാവാണ് ഇന്ത്യയെ മാട്ടിറച്ചി കയറ്റുമതിയിൽ ഒന്നാമതാക്കിയതെന്നും പുസ്തകത്തിലുണ്ട്. കൈപുസ്തകത്തിനെതിരെ വിമർശനം ശക്തമായതോടെ വെബ്സൈറ്റിൽനിന്ന് പിന്നീട് പിൻവലിച്ചു.
കത്തിരിയ അപ്രതീക്ഷിതമായി പുറത്തുപോയതിനെ കുറിച്ച് സൂചനകൾ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിെൻറ നിരന്തര പ്രസ്താവനകൾ ഉണ്ടാക്കിയ പൊല്ലാപ്പ് മൃഗ സംരക്ഷണ മന്ത്രാലയത്തെ എതിരാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷ പോലും നടത്തുന്നതിന് മന്ത്രാലയം പച്ചക്കൊടി കാണിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം, പരമാവധി വിദ്യാർഥികൾ കാമധേനു പരീക്ഷ എഴുതുന്നുവെന്ന് ഉറപ്പാക്കാൻ യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ എല്ലാ യൂനിവേഴ്സിറ്റികൾക്കും നേരത്തെ നിർദേശം നൽകിയിരുന്നു.
2019-20ലെ ബജറ്റിലാണ് അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.