കോവിഷീൽഡിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്ക്
text_fieldsന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഒരു ഡോസിന് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്ത് വിലയിട്ടത് ആഗോളതലത്തിൽതന്നെ ഏറ്റവും ഉയർന്ന നിരക്ക്. സംസ്ഥാന സർക്കാറുകൾക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയുമാണ് കമ്പനി വില നിശ്ചയിച്ചത്.
എന്നാൽ, സിറം ഇൻസ്റ്റിറ്റ്യൂട്ട് സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് രാജ്യങ്ങൾക്ക് ഡോസിന് ഇതിലും കുറഞ്ഞ വിലക്കാണ് നൽകുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന വാക്സിൻ ആഗോളതലത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നൽകുന്നതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ വിമർശിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നു. ഒരു ഡോസിന് 150 രൂപക്ക് കേന്ദ്രം വാങ്ങുമെന്നും ഇവ സംസ്ഥാനങ്ങൾക്ക് സൗജന്യമായി കൈമാറുന്നത് തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെ വിലയും മറ്റു രാജ്യങ്ങളിലെ വിലയും താരതമ്യം ചെയ്ത് ദേശീയ ദിനപത്രം നൽകിയ വാർത്ത ജയറാം രമേശ് ട്വിറ്ററിൽ പങ്കുവെച്ചു. സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും ഏകദേശം 393 രൂപക്കാണ് (5.25 ഡോളർ) ഒരു ഡോസ് കോവിഷീൽഡ് നൽകുന്നത്. ബംഗ്ലാദേശിന് 300 രൂപക്കും (നാലു ഡോളർ) ബ്രസീലിന് 236 രൂപക്കുമാണ് (3.15 ഡോളർ) നൽകുന്നത്. കോവിഷീൽഡ് അസ്ട്രസെനക്ക യു.എസിന് ഒരു ഡോസ് നൽകുന്നത് ഏകദേശം 300 രൂപക്കും, ബ്രിട്ടന് നൽകുന്നത് 224 രൂപക്കും (മൂന്നു ഡോളർ) ആണ്. യൂറോപ്യൻ യൂനിയന് 161 രൂപ മുതൽ 262 രൂപക്കുമാണ് നൽകുന്നെതന്നും ജയറാം രമേശ് പങ്കുവെച്ച വാർത്തയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.