ഗോവധ നിരോധനം: കൗൺസിലിൽ നാടകീയ നീക്കം; ഒാർഡിനൻസിന് കർണാടക
text_fieldsബംഗളൂരു: കർണാടകയിൽ ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബിൽ നിയമമാക്കാൻ കർണാടക സർക്കാർ പ്രത്യേക ഒാർഡിനൻസ് കൊണ്ടുവരും. നിയമസഭയിൽ പാസായെങ്കിലും നാടകീയ നീക്കങ്ങൾ അരങ്ങേറിയ നിയമനിർമാണ കൗൺസിലിൽ ബിൽ അവതരിപ്പിക്കാനായില്ല. ബില്ലിന് അനുമതി നൽകുന്നതിന് മുേമ്പ കൗൺസിൽ ചെയർമാൻ കെ. പ്രതാപ് ചന്ദ്ര ഷെട്ടി സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു. ചെയർമാെൻറ നടപടിക്കെതിരെ ബി.ജെ.പി അംഗങ്ങളുടെ നേതൃത്വത്തിൽ ഗവർണറെ കണ്ടു. ഡിസംബർ 15ന് നിയമനിർമാണ കൗൺസിൽ ചേരാൻ ഗവർണറുടെ അനുമതി തേടിയതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. എന്നാൽ, കൗൺസിലിെൻറ പരമാധികാരം ചെയർമാനായിരിക്കെ, ഗവർണറുടെ ഇടപെടലിന് സാധുതയുണ്ടാവില്ലെന്ന് ഭരണഘടനവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പകരം, ഒാർഡിനൻസ് കൊണ്ടുവന്ന് നിയമം ഉടൻ നടപ്പാക്കാനാണ് സർക്കാറിെൻറ ശ്രമം. തിങ്കളാഴ്ച ആരംഭിച്ച ഒരാഴ്ചത്തെ നിയമസഭ സമ്മേളനം ഇൗ മാസം നടക്കുന്ന സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ നാലുദിവസമായി സ്പീക്കർ വെട്ടിച്ചുരുക്കിയിരുന്നു.
സാമ്പത്തിക ഉപദേശക സമിതിയെയോ പ്രതിപക്ഷത്തെയോ അറിയിക്കാതെ ബുധനാഴ്ച ഗോവധ നിരോധന ബിൽ നിയമസഭയിൽ കെട്ടിയിറക്കിയ ബി.ജെ.പി സർക്കാർ ചർച്ചക്കുപോലും അവസരം നൽകാതെയാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയത്. നിയമനിർമാണ കൗൺസിലിൽ ജെ.ഡി.എസിെൻറ സഹായത്തോടെ അവിശ്വാസം കൊണ്ടുവന്ന് കോൺഗ്രസുകാരനായ ചെയർമാനെ മാറ്റി ബിൽ പാസാക്കിയെടുക്കാനായിരുന്നു ബി.ജെ.പി നീക്കം. 75 അംഗങ്ങളുള്ള നിയമനിർമാണ കൗൺസിലിൽ 31 അംഗങ്ങളുള്ള ബി.ജെ.പിക്കാണ് ഭൂരിപക്ഷം. ചെയർമാനു പുറമെ കോൺഗ്രസ് -28, ജെ.ഡി.എസ് -14, സ്വത-ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ അംഗബലം.
എന്നാൽ, അവിശ്വാസത്തിന് അനുമതി നൽകാതെ കൗൺസിലും സഭ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതാണ് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായത്. ഉടൻ ഒാർഡിനൻസ് കൊണ്ടുവരുകയും അടുത്ത കൗൺസിൽ സമ്മേളനത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ ചെയർമാൻ സ്ഥാനം കൈക്കലാക്കി ബിൽ പാസാക്കിയെടുക്കുകയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കോർപറേറ്റുകൾക്ക് കർഷക ഭൂമി വാങ്ങാൻ അവസരമൊരുക്കുന്ന കർണാടക ഭൂപരിഷ്കരണ ഭേദഗതി ബിൽ ജെ.ഡി.എസിെൻറ പിന്തുണയോടെ നിയമനിർമാണ കൗൺസിലിൽ കഴിഞ്ഞ ദിവസം പാസായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.