ഗോമൂത്രത്തിലടങ്ങിയ ബാക്ടീരിയയിൽ ഇ കോളിയും സാൽമൊണെല്ലയും
text_fieldsന്യൂഡൽഹി: ഗോമൂത്രത്തിൽ അടങ്ങിയ 14 തരം ബാക്ടീരിയകളിൽ ഇ-കോളിയും സൽമൊണെല്ലയും. മൂത്രനാള-വൃക്ക സംബന്ധിയായ രോഗങ്ങൾക്ക് ഇ കോളി പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, വൃക്ക, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇ കോളി കാരണമാകും. വയറിളക്കമുൾപ്പെടെയുള്ള പ്രശ്നങ്ങളാണ് സാൽമൊണെല്ലയുണ്ടാക്കുന്നത്.
രക്തത്തിലും മൂത്രനാളിയിലും അണുബാധയുണ്ടാക്കുകയും ന്യൂമോണിയക്കിടവരുത്തുകയും ചെയ്യുന്ന അസിനോബാക്ടർ, ന്യുമോണിയക്കിടയാക്കുന്ന ക്ലെബ്സിയെല്ല ന്യൂമോണിയ തുടങ്ങിയവയും ഗോമൂത്രത്തിൽ വ്യാപകമായി കാണുന്നുണ്ട്
2022 ജൂണിനും നവംബറിനുമിടയിൽ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും മനുഷ്യരുടെതുമടക്കം 73 മൂത്ര സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം.
ഇ കോളിയെ കൂടാതെ, ഹഫ്നിയ അൽവെ, സ്റ്റഫിലോകോക്കസ് എപ്പിഡെർമിസ്, ബാസിലസ് മൈകോയിഡ്സ്, പ്രോട്ട്യൂസ് മിറാബിലിസ്, എന്ററോകോക്കസ് ഫെസിയം, അസിനെറ്റോബാക്റ്റർ കാൽക്കോസെറ്റിക്കസ്, എന്ററോകോക്കസ് ഫെക്കാലിസ്, പെനിബാസിലസ് പാന്റോതെന്റിക്കസ്, സാൽമൊണെല്ല എന്ററിക്ക എസ്എസ്പി. എന്ററിക്ക സെർ എന്ററിറ്റിഡിസ്, ക്ലെബ്സിയെല്ല ന്യൂമോണിയ എസ്എസ്പി. ന്യൂമോണിയ, പാന്റോയ അഗ്ലോമെറൻസ്, എർവിനിയ റാപോൻടിസി, പ്രൊവിഡൻസിയ റെറ്റഗ്രെ എന്നിവയാണ് മൂത്ര സാമ്പിളുകളിൽ അടങ്ങിയ ബാക്ടീരിയകൾ.
ഇവയിൽ പലതും പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാക്കുന്നവയാണ്. ഗോമൂത്രം ഔഷധ ഗുണമുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും ഒരു മൂത്ര സാമ്പിളുകളും ബാക്ടീരിയ വളർച്ച തടയുന്നില്ലെന്ന് കണ്ടെത്തി. അതിൽ ഒരു ജീവിയുടെയും മൂത്രം വ്യത്യാസം കാണിക്കുന്നില്ല. ആരോഗ്യമുള്ള ആളുകളുടെ മൂത്രം കൂടുതൽ രോഗകാരികളെ വഹിക്കുന്നുവെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ മൂത്രത്തിലാണ് ഗവേഷണം നടത്തിയതെന്ന് ഗവേഷക സ്ഥാപനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) വ്യക്തമാക്കി. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്ന മുന്നറിയിപ്പും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോർട്ട് നൽകുന്നു. പശുവിന്റെ മൂത്രത്തേക്കാൾ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാൽ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാൻ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.