ഗോമൂത്രത്തിൽ 14 അപകടകാരികളായ ബാക്ടീരിയകൾ; മനുഷ്യർ കുടിക്കരുതെന്ന് ഗവേഷകർ
text_fieldsന്യൂഡൽഹി: ഏറ്റവും പുതിയ ഗോമൂത്രത്തിൽ പോലും അങ്ങേയറ്റം അപകടകാരികളായ 14 തരം ബാക്ടീരിയകൾ അടങ്ങിയതായി ഈ മേഖലയിലെ ഏറ്റവും പ്രമുഖ ചികിൽസാ ഗവേഷക സ്ഥാപനമായ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) കണ്ടെത്തി. ഗോമൂത്രം അടക്കം ഒരു കന്നുകാലിയുടെ മൂത്രവും മനുഷ്യർ കുടിക്കരുതെന്ന മുന്നറിയിപ്പും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപ്പോർട്ട് നൽകുന്നു.
പശുവിന്റെ മൂത്രത്തേക്കാൾ താരതമ്യേന മെച്ചം പോത്തിന്റെ മൂത്രമാണെന്നും എന്നാൽ ഒരു കാലിയുടെ മൂത്രവും മനുഷ്യന് കുടിക്കാൻ കൊള്ളില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗോമൂത്രം ഇന്ത്യൻ വിപണിയിൽ വ്യാപകമായി വിറ്റഴിക്കുന്നതിനിടയിലാണ് ഉത്തർപ്രദേശിലെ ബറേലി കേന്ദ്രമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.
ഗോമൂത്രം പ്രോൽസാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ തൊട്ട് ജഡ്ജിമാർ വരെയുള്ളവർക്ക് തിരിച്ചടിയാണ് ഈ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷക സ്ഥാപനത്തിന്റെ ഗവേഷണ റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ സാംക്രമിക രോഗ ചികിൽസാ ശാസ്ത്ര വകുപ്പ് തലവൻ ഭോജ് രാജ് സിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് ഗവേഷക വിദ്യാർഥികൾ നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് ‘റിസർച്ച് ഗേറ്റ്’ പ്രസിദ്ധീകരിച്ചു.
2022 ജൂണിനും നവമ്പറിനുമിടയിൽ നല്ല ആരോഗ്യമുള്ള പശുക്കളുടെയും പോത്തുകളുടെയും 73 മൂത്ര സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം. ഗോമൂത്രം കുടിച്ചാൽ പനിക്കും വയറിളക്കത്തിനും കാരണമാകുകയും വൃക്ക തകരാറിലാകുകയും ചെയ്യുന്ന അണുബാധയുണ്ടാകും. ബാക്ടീരിയക്കെതിരെ പ്രവർത്തിക്കാനുളള ശേഷി പശുവിനേക്കാൾ എരുമയുടെ മൂത്രത്തിനാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എന്നാൽ ഒരു കാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യൻ കുടിക്കരുതെന്ന് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.