ബീഫ് ഉണ്ടെന്നാരോപിച്ച് മുസ്‍ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ആൾക്കൂട്ടം; ഫ്രിഡ്ജിലുണ്ടായിരുന്ന മാംസം കൊണ്ടുപോയി
text_fieldsഭുവനേശ്വർ: ബീഫുണ്ടെന്ന് ആരോപിച്ച് ഒഡീഷയിൽ മുസ്‍ലിം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഗോരക്ഷാ ഗുണ്ടകൾ. വീടിനുള്ളിലേക്ക് കയറിയ ഇവർ ഫ്രിഡ്ജിലുണ്ടായിരുന്ന മാംസം എടുത്തുകൊണ്ട് പോയി. ബീഫാണെന്ന് ആരോപിച്ചായിരുന്നു മാംസം എടുത്തുകൊണ്ട് പോയത്.
ബലിപെരുന്നാളിന് പിന്നാലെ ഖോർദ നഗരത്തിലാണ് സംഭവമുണ്ടായത്. ഗോരക്ഷ ഗുണ്ടകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളിച്ചാണ് ആൾക്കൂട്ടം മുസ്‍ലിം വീട്ടിനുള്ളിലേക്ക് കയറി പോയത്. പിന്നീട് ഫ്രിഡ്ജിലുണ്ടായിരുന്ന മാംസം എടുത്ത് കൊണ്ടു പോവുകയായിരുന്നു.
ബലിപെരുന്നാൾ ദിനത്തിൽ മുസ്‍ലിംകൾ ബലിനൽകുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടന രംഗത്ത് വന്നതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പിന്നീട് നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആളുകളോട് പൊലീസ് പുറത്തിറങ്ങരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഒഡീഷയിലെ തന്നെ ബാലസോറിലും ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു. ബലിപെരുന്നാളിന് പശുവിനെ അറുത്തുവെന്ന് ആരോപിച്ചായിരുന്നു സംഘർഷം. തുടർന്ന് ഗോരക്ഷ ഗുണ്ടകൾ നടത്തിയ കല്ലേറിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.