യു.പിയിൽ കശാപ്പുശാലകൾ കത്തിച്ചു; പശുക്കടത്ത് വിലക്കി
text_fieldsന്യൂഡൽഹി: യു.പിയിൽ യോഗി ആദിത്യനാഥ് അധികാരമേറ്റ് ദിവസങ്ങൾക്കകം സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കുന്നതിൽ അതിവേഗം മുന്നോട്ട്. സംസ്ഥാനത്തെ ‘അനധികൃത’ കശാപ്പുശാലകൾ പൂട്ടുന്നതിന് കണക്കെടുപ്പു തുടങ്ങാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. പശുക്കടത്ത് വിലക്കി. തീവ്രഹിന്ദുത്വ ആക്രമണങ്ങളും തുടങ്ങി.
ഹത്രാസിൽ മൂന്നു മത്സ്യ-മാംസ വിൽപന ശാലകൾക്ക് അജ്ഞാതർ തീയിട്ടു. അലഹബാദ്, മീറത്ത്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കശാപ്പുശാലകൾ പൂട്ടിച്ചതിനു പിന്നാലെയാണിത്. ഹത്രാസിലെ മാന്യവർ കാൻഷിറാം കോളനി പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്നു കടകൾ കത്തിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും പൂട്ടിക്കുന്നതിന് പദ്ധതി തയാറാക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥ് ബുധനാഴ്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. പശുക്കളെ കടത്തിെക്കാണ്ടുവരുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. യു.പിയിൽ അധികാരത്തിൽ വരുന്ന നിമിഷം കശാപ്പുശാലകൾ നിരോധിക്കുമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചിരുന്നു. ഇതിനിടെ പാൻ മസാല, പ്ലാസ്റ്റിക്, പാൻ എന്നിവയുടെ ഉപയോഗം സർക്കാർ ഒാഫിസുകളിലും സർക്കാർ കെട്ടിടങ്ങളിലും വിലക്കി. ഡ്യൂട്ടി സമയത്ത് ഒാഫിസുകളിൽ പാൻ ഉപയോഗിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വനിതകളുടെ സുരക്ഷിതത്വം മുൻനിർത്തിയെന്ന പേരിൽ ‘റോമിയോ വിരുദ്ധ’ സ്ക്വാഡുകളും രൂപവത്കരിക്കുന്നുണ്ട്. പൊതുസ്ഥലത്തും വിദ്യാലയ ചുറ്റുവട്ടങ്ങളിലും പൂവാല ശല്യം നേരിടുന്നതിനാണ് സ്ക്വാഡുകളെന്നാണ് വിശദീകരണം. ഒാരോ പൊലീസ് സ്റ്റേഷനിലും ഒാരോ സ്ക്വാഡ് ഉണ്ടാവും. യുവാക്കൾക്കു നേരെ സദാചാര പൊലീസായി ഇതു മാറുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.