കോവിൻ ഡേറ്റ ചോർച്ച: കേരളമടക്കം 11 സംസ്ഥാനങ്ങളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിനെടുക്കുന്നതിന് കോവിന്‍ പോര്‍ട്ടലില്‍ നൽകിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി, കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തമായി ഡേറ്റബേസുകൾ വികസിപ്പിച്ചെടുത്ത കേരളമടക്കം 11 സംസ്ഥാനങ്ങളുമായി ചർച്ച നടത്തി നോഡൽ സൈബർ സുരക്ഷ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി). ആധാർ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ, ഇത്തരം ഡേറ്റബേസിൽ ശേഖരിച്ചിരുന്നു. ഈ സംസ്ഥാനങ്ങളുടെ ഡേറ്റബേസുകളിൽനിന്ന് സംഭവിക്കാൻ സാധ്യതയുള്ള ചോർച്ചയെക്കുറിച്ചാണ് സി.ഇ.ആർ.ടി ചർച്ച നടത്തുന്നത്. കേരളം, കർണാടക എന്നിവക്കു പുറമെ മറ്റ് ഒമ്പതു സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന വിവരം പുറത്തുവന്നിട്ടില്ല. കേരളം, കർണാടകയടക്കമുള്ള സംസ്ഥാനങ്ങൾ നിരീക്ഷണ മേഖലകളും വാക്സിനേഷൻ അടക്കമുള്ള വിവരങ്ങളും പിന്തുടരുന്നതിന് അവരുടെ പൂർണ നിയന്ത്രണത്തിൽ ഡേറ്റബേസുകൾ സൃഷ്ടിച്ചിരുന്നു.
ഇതുവഴിയും വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടോ എന്ന് പഠിക്കുകയാണെന്ന് അന്വേഷണ സംഘത്തിലുള്ളവർ വ്യക്തമാക്കി. സമൂഹ മാധ്യമമായ ടെലിഗ്രാമിൽ വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജനന വർഷം, ജെൻഡർ, വാക്സിൻ എടുത്ത കേന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ലഭ്യമായത് പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സി.ഇ.ആർ.ടിയോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.