വിവര ചോർച്ച: കൊവിൻ സുരക്ഷിതമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ കോവിഡ് വാക്സിനേഷൻ ട്രാക്കിങ് പ്ലാറ്റ്ഫോമായ കൊവിൻ വെബ്സൈറ്റിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിന്നിൽനിന്നും വിവരങ്ങൾ ചോർന്നതായുള്ള വാർത്തയെ തുടർന്ന് വ്യാപക വിമർശനം ഉയർന്നതോടെയാണ് ഒടുവിൽ ആരോഗ്യ മന്ത്രാലയം പ്രസ്താവന നൽകിയിരിക്കുന്നത്.
കോവിൻ പോർട്ടൽ പൂർണമായും സുരക്ഷിതമാണ്. ഒ.ടി.പി നൽകിയാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ -ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, വിവരങ്ങൾ ചോർന്നെന്ന് പരോക്ഷമായി സമ്മതിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ട്വീറ്റ്. ഇപ്പോൾ ഉണ്ടായതല്ല വിവര ചോർച്ച എന്നും മുൻകാലങ്ങളിൽ ചോർന്നതാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തത്.
കൊവിൻ വെബ്സൈറ്റിലെ വിവരങ്ങൾ ടെലഗ്രാം ബോട്ടിലൂടെ പുറത്തുവന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വ്യക്തികളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ വിവരങ്ങൾ മുഴുവൻ ആർക്കും ലഭ്യമാകുന്ന അവസ്ഥയായിരുന്നു. എന്നാൽ, ഇന്ന് രാവിലെ മുതൽ പ്രസ്തുത ടെലഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമാണ്.
കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാക്കളുടെയും ഇത്തരത്തിലെ വിവരങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വ്യക്തി വിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം വേണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.