ഝാർഖണ്ഡിൽ സഖ്യത്തിനില്ല; നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.ഐ
text_fieldsറാഞ്ചി: ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനാൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഝാർഖണ്ഡിൽ നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. ഛത്ര, ലോഹർദാഗ, പലാമു, ദുംക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
“അഭയ് ഭൂയാൻ പലാമു സീറ്റിൽ നിന്നും മഹേന്ദ്ര ഒറോൺ ലോഹർദാഗയിൽ നിന്നും അർജുൻ കുമാർ ഛത്രയിൽ നിന്നും രാജേഷ് കുമാർ കിസ്‌കു ദുംകയിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഈ നാല് ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ പാർട്ടി സെൻട്രൽ കമാൻഡിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്”-സി.പി.ഐ ഝാർഖണ്ഡ് ജനറൽ സെക്രട്ടറി മഹേന്ദ്ര പഥക് പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ ഹസാരിബാഗ്, ഗിരിധി, ജംഷഡ്പൂർ, റാഞ്ചി സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹസാരിബാഗ് സീറ്റ് നൽകണമെന്ന് കോൺഗ്രസിനോടും ഇൻഡ്യ മുന്നണിയിലെ അംഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള 13 സീറ്റുകളിൽ മുന്നണി സ്ഥാനാർഥിയെ പിന്തുണക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ കോൺഗ്രസ് ഹസാരിബാഗിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജാർഖണ്ഡിൽ 14 ലോക്‌സഭാ സീറ്റുകളാണുള്ളത്. ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി ഭരണത്തിലുള്ള നിയമസഭയിൽ 81 അംഗങ്ങളുണ്ട്. സി.പി.ഐക്ക് എം.പിമാരോ എം.എൽ.എമാരോ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.