തമിഴ്നാട്ടിൽ സി.പി.ഐ ആറു സീറ്റിൽ മത്സരിക്കും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ ഘടകകക്ഷിയായ സി.പി.ഐ ആറു സീറ്റിൽ മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ധാരണാപത്രം ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സി.പി.ഐ സംസ്ഥാന അധ്യക്ഷൻ ആർ. മുത്തരസന്‍ കൈമാറി.
സി.പി.െഎ പത്ത് സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. സി.പി.െഎ, സി.പി.എം കക്ഷികൾക്ക് നാല് സീറ്റ് വീതം മാത്രമെ നൽകാൻ കഴിയൂവെന്ന നിലപാടാണ് ഡി.എം.കെ സ്വീകരിച്ചത്. ഇതിൽ സി.പി.എം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2006, 2011 വർഷങ്ങളിൽ ദ്രാവിഡ മുന്നണികളിലായി സി.പി.എമ്മിന് പത്തിൽ കുറയാതെ സീറ്റുകൾ ലഭിച്ചിരുന്നു.
ഘടകകക്ഷിയും ദലിത് സംഘടനയുമായ തിരുമാവളവന്റെ വിടുതലൈ ശിറുതൈ കച്ചിക്ക് (വി.സി.കെ) ആറു സീറ്റും മുസ് ലിം ലീഗിന് മൂന്നു സീറ്റും മനിതനേയ മക്കൾ കക്ഷിക്ക് രണ്ട് സീറ്റും ഡി.എം.കെ നൽകിയിട്ടുണ്ട്. വൈക്കോയുടെ എം.ഡി.എം.കെക്ക് അഞ്ച് സീറ്റ് നൽകിയേക്കും.
തമിഴ്നാട് നിയമസഭയിൽ ആകെ 234 സീറ്റുകളാണുള്ളത്. സ്വന്തംനിലയിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 175ലധികം സീറ്റിലെങ്കിലും മൽസരിക്കണമെന്നാണ് ഡി.എം.കെയുടെ തീരുമാനം.
30 സീറ്റെങ്കിലും അനുവദിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ 18 സീറ്റിൽ കൂടുതൽ വിട്ടുകൊടുക്കാനാവില്ലെന്ന വാശിയിലാണ് ഡി.എം.കെ. 20ലധികം സീറ്റുകൾ നൽകിയേക്കുമെന്നാണ് നിഗമനം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് എട്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്.
ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.