മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശക്തമായ ഗൂഢാലോചനയാണ് നടക്കുന്നത്; ഡൽഹിയിലെ റെയ്ഡിൽ സി.പി.എം
text_fieldsന്യുഡൽഹി: മാധ്യമപ്രവർത്തകരുടെ വീടുകളിലെ ഡൽഹി പൊലീസിന്‍റെ റെയ്ഡിനെ ശക്തമായി അപലപിച്ച് സി.പി.എം. മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശക്തമായ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും അധികാരത്തിന് മുന്നിൽ പതറാതെ സത്യം തുറന്ന് പറയുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ അരങ്ങേറുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രസ്താവനയുടെ പൂർണരൂപം
യു.എ.പി.എ കരിനിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ നിരവധി മാധ്യമപ്രവർത്തകർ, ശാസ്ത്രജ്ഞർ, സാംസ്കാരിക ചരിത്രകാരന്മാർ, നിരൂപകർ, ആക്ഷേപഹാസ്യ കലാകാരന്മാർ, സ്റ്റാൻഡ്-അപ്പ് കോമഡിയൻമാർ എന്നിവരുടെ വീടുകളിൽ ഇന്ന് രാവിലെ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിനെ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണിത്. ബി.ബി.സി, ന്യൂസ് ലോൻഡ്രി, ദൈനിക് ഭാസ്കർ, ഭാരത് സമാചാർ, കാശ്മീർ വാല, വയർ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളെ അടിച്ചമർത്താനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചിട്ടുണ്ട്. ഇതേ നടപടിയുടെ തുടർചയാണ് ഇപ്പോൾ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ടവർക്കെതിരെയും സ്വീകരിച്ചിരിക്കുന്നത്.
അധികാരത്തിനു മുന്നിൽ പതറാതെ സത്യം തുറന്നു പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ അരങ്ങേറുന്ന സ്വേച്ഛാധിപത്യ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല.
മാധ്യമങ്ങളെ ആക്രമിക്കാനും അടിച്ചമർത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യസ്നേഹികളും ഒറ്റക്കെട്ടായി അണിചേരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.