കനലൊരു തരിഗാമി; നിയമസഭയിലെത്തുന്നത് അഞ്ചാം തവണ
text_fieldsശ്രീനഗർ: ജമ്മു- കശ്മീരിലെ ചുകപ്പുരാശി കാത്ത് വീണ്ടും സി.പി.എം നേതാവ് എം.വൈ. തരിഗാമി. കുൽഗാം മണ്ഡലത്തിൽനിന്ന് അഞ്ചാം തവണയാണ് മുതിർന്ന നേതാവായ തരിഗാമി തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ 7,838 വോട്ടിനാണ് എതിർ സ്ഥാനാർഥി സയാർ അഹ്മദ് റെഷിയെ തോൽപിച്ചത്. 1996 മുതൽ ഇവിടെ തരിഗാമിയാണ് ജയിക്കുന്നത്. ഇത്തവണ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് മുന്നണിയിലാണ് സി.പി.എം ജനവിധി തേടിയത്.
ജമ്മു- കശ്മീരിലെ ജനങ്ങൾ കേന്ദ്ര നയങ്ങൾക്കെതിരെയാണ് ഇത്തവണ വോട്ടുചെയ്തതെന്ന് തരിഗാമി പറഞ്ഞു. 2018 മുതൽ ജമ്മു-കശ്മീരിൽ ജനപ്രതിനിധികളില്ലാതെ ഉദ്യോഗസ്ഥരും ലഫ്.ഗവർണറും ചേർന്ന് ഭരിക്കുകയാണ്. ഇത് ദുരിതങ്ങൾ കൂട്ടുകയാണ് ചെയ്തത്. പുതിയ മതനിരപേക്ഷ സർക്കാർ വരുന്നതോടെ ജനങ്ങൾക്ക് തീർച്ചയായും ആശ്വാസമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുൽഗാം. അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ൽ പി.ഡി.പിയുടെ നസീർ അഹമ്മദ് ലവായിനെ കടുത്ത മത്സരത്തിനൊടുവിലാണ് തരിഗാമി പരാജയപ്പെടുത്തിയത്. തരിഗാമി 20,574 വോട്ട് നേടിയപ്പോൾ നസീർ അഹമ്മദ് 20,240 വോട്ട് നേടി കടുത്ത മത്സരം കാഴ്ചവെച്ചിരുന്നു.
കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉൾപ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുൻനിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കാർ മൂവ്മെന്‍റിന്‍റെ വക്താവാണ്. പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയതും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു.
കശ്മീരിൽ ഏഴു സ്വതന്ത്രർ
ജമ്മു: ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ ജയിച്ചത് ഏഴു സ്വതന്ത്രർ. 2014 തെരഞ്ഞെടുപ്പിൽ മൂന്നു സ്വതന്ത്രരാണ് സഭയിലെത്തിയിരുന്നത്.
ഇത്തവണ ജയിച്ചവർ
സതേഷ് ശർമ: മുൻ കോൺഗ്രസ് മന്ത്രിയും എം.പിയുമായിരുന്ന മദൻ ലാൽ ശർമയുടെ മകൻ. ജമ്മു ഛാംബ് സീറ്റിൽനിന്ന് ജയിച്ചു.
പ്യാരി ലാൽ ശർമ: 643 വോട്ടിന് ഇന്ദേർവാളിൽ മുതിർന്ന നേതാവ് ഗുലാം മുഹമ്മദ് സരൂരിയെ തോൽപിച്ചു.
ഡോ. രാമേശ്വർ സിങ്: ബനിയിൽ ബി.ജെ.പി സ്ഥാനാർഥി ജെവൻ ലാലിനെ തോൽപിച്ചു.
ചൗധരി മുഹമ്മദ് അക്രം: നാഷനൽ കോൺഫറൻസ് വിമതനും സ്വതന്ത്രനുമായ അക്രം സുരാൻകോട്ടിൽ കോൺഗ്രസിനെ തോൽപിച്ചു.
മുസഫർ ഇഖ്ബാൽ ഖാൻ: തനാമൻഡി സീറ്റിൽ ബി.ജെ.പിയുടെ ഇഖ്ബാൽ മാലിക്കിനെ തോൽപിച്ചു.
ഖുർശിദ് അഹ്മദ് ശൈഖ്: ലങ്കാതെയിൽ പീപ്ൾസ് കോൺഫറൻസിനെ തോൽപിച്ചു.
ഷബീർ അഹ്മദ് കുല്ലൈ: എൻ.സി സ്ഥാനാർഥിയെ ഷോപ്പിയാനിൽ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.