രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് രാഷ്ട്രീയ വിവേകമില്ലായ്മ; സി.പി.ഐ ദേശീയ കൗൺസിലിൽ വിമർശനം
text_fieldsന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചത് രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് സി.പി.ഐ ദേശീയ കൗൺസിലിൽ വിമർശനം. പഞ്ചാബിൽ നിന്നുള്ള അംഗങ്ങളാണ് വിമർശനം ഉന്നയിച്ചത്. വയനാട്ടിൽ ഇൻഡ്യ മുന്നണി നേതാക്കൾ മത്സരിച്ചാൽ ബി.ജെ.പി മുതലെടുപ്പ് നടത്തുമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് കത്ത് നൽകിയിരുന്നതായി യോഗത്തിൽ ആനി രാജ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോൾ ആനി രാജ നിഷേധിച്ചില്ല. വയനാട്ടിൽ പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിച്ചത്. വിയോജിപ്പ് അറിയിക്കാൻ പാർട്ടിയിൽ സ്വാതന്ത്ര്യം ഉണ്ട്. ഇനി മത്സരിക്കുമോ എന്നതിൽ ആലോചന നടന്നിട്ടില്ലെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ല കമ്മിറ്റികളുടെ തീരുമാനമനുസരിച്ചാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കേരള നേതാക്കൾ നേതൃയോഗത്തിൽ വിശദീകരിച്ചു. ദേശീയ നേതൃത്വത്തിന് തിരുത്താൻ അവസരം ഉണ്ടായിരുന്നു. ഇടത് സ്ഥാനാർഥി ഇല്ലെങ്കിൽ ബി.ജെ.പിക്ക് കൂടുതൽ വോട്ടു ലഭിക്കുമെന്നും കേരള ഘടകം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിലും അഭിപ്രായ ഭിന്നതയുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
കേരളത്തിലെ വിഷയം ഞായറാഴ്ച ചർച്ചക്ക് വന്നപ്പോൾ സംസ്ഥാന സർക്കാറിനെതിരെ കേരളത്തിലെ അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളീയവും ടൂറിസം പ്രമോഷനും പോലുള്ള മേളകൾക്ക് പിന്നാലെ പോയ എൽ.ഡി.എഫ് സർക്കാർ ജനകീയ പ്രശ്നങ്ങൾ മറന്നുവെന്നായിരുന്നു വിമർശനം. ദേശീയ സെക്രട്ടേറിയറ്റിലേക്ക് ആനി രാജയെയും ഗിരീഷ് ശർമയെയും ഉൾപ്പെടുത്താനുള്ള ദേശീയ നിർവാഹക സമിതി നിർദേശം ദേശീയ കൗൺസിലിൽ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.