ഇൻഡ്യ മുന്നണിയിൽ ഒത്തൊരുമയില്ലെന്ന് സി.പി.ഐ; 'ചെറു പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങള്‍'
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണിയിൽ ഒത്തൊരുമയും പരസ്പര ബഹുമാനവും ഇല്ലെന്ന് സി.പി.ഐ. ചെറുപാർട്ടികളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉൾക്കൊള്ളിക്കുക എന്നത് പരസ്പര ബഹുമാനത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.
തങ്ങളുടെ അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ഡി.രാജ പറഞ്ഞു. ഇടത് പാർട്ടികളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നു. ഝാര്‍ഖണ്ഡിലും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ഇൻഡ്യ മുന്നണി അധികാരത്തില്‍ എത്തിയെങ്കിലും സി.പി.ഐ, സി.പി.എം എന്നീ ഇടതുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായല്ല മത്സരിച്ചത്. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാവേണ്ടത്. ഇത് പരസ്പര വിശ്വാസമില്ലായ്മയുടെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാനായി ഉണ്ടാക്കിയതാണ് മുന്നണി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. കോൺഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, തൃണമൂൽ കോൺഗ്രസും ഇൻഡ്യ സഖ്യത്തോട് പിണങ്ങിനിൽക്കുകയാണ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ തുടക്കം മുതൽക്കുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ തുടർച്ചയായി രണ്ടാമത്തെ ആഴ്ചയും ഇൻഡ്യ യോഗത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. തിങ്കളാഴ്ച പാർലമെന്റ് ചേരുന്നതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ വിളിച്ചുചേർത്ത യോഗമാണ് തൃണമൂൽ ബഹിഷ്കരിച്ചത്.
ശൈത്യകാല സമ്മേളനം തുടങ്ങിയതിൽ പിന്നെ ഇൻഡ്യ സഖ്യയോഗത്തിൽനിന്ന് രണ്ടാം തവണയാണ് തൃണമൂൽ വിട്ടുനിൽക്കുന്നത്. കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ പാർട്ടികൾ മാത്രമാണ് ഇൻഡ്യ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് കക്ഷി നേതാവ് ഡെറിക് ഒബ്റേൻ ‘മാധ്യമ’ത്തോട് പ്രതികരിച്ചു. കോൺഗ്രസിന് അദാനി മാത്രമാണ് വിഷയമെന്നും എന്നാൽ, തങ്ങൾക്ക് വിലക്കയറ്റം, രൂപയുടെ മൂല്യശോഷണം, തൊഴിലില്ലായ്മ, പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാത്തത് തുടങ്ങി അര ഡസനോളം വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.