വയനാട് ഉരുൾപൊട്ടൽ; അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി സി.പി.എമ്മും സി.പി.ഐയും
text_fieldsന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ കേരള സർക്കാർ നേരത്തെ നൽകിയ മുന്നറിയിപ്പുകൾ പാലിച്ചില്ലെന്ന് അവകാശപ്പെട്ട് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി സി.പി.എമ്മും സി.പി.ഐയും. അമിത് ഷാക്കെതിരെ അവകാശ ലംഘന നടപടി ആവശ്യപ്പെട്ട് കോൺഗ്രസും നേരത്തെ നോട്ടീസ് നൽകിയിരുന്നു.
വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നൽകിയ മറുപടിയിൽ ജൂലൈ 23, 24, 25, 26 തീയതികളിൽ അയച്ച മുന്നറിയിപ്പുകൾ കേരള സർക്കാർ ഗൗനിച്ചില്ലെന്ന് അമിത് ഷാ ആരോപിച്ചു.
സി.പി.എമ്മിന് വേണ്ടി രാജ്യസഭാ എം.പി വി. ശിവദാസനും സി.പി.ഐക്ക് വേണ്ടി പി. സന്തോഷ് കുമാർ എം.പിയും ആഭ്യന്തര മന്ത്രിക്കെതിരെ പ്രത്യേകാവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
അമിത് ഷായുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. ഓറഞ്ച് അലർട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രകാലവാസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയത് അപകടം നടന്ന ദിവസമായ ജൂലായ് 30-ന് രാവിലെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.