അസമിലെ പൊലീസ് നരനായാട്ട് ബി.ജെ.പിയുടെ മുസ്ലിം ന്യൂനപക്ഷവേട്ട -സി.പി.എം
text_fieldsന്യൂഡല്‍ഹി: അസമിലെ പൊലീസ് നരനായാട്ട് മുസ്ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് ബി.ജെ.പി വര്‍ഗീയമായി തയ്യാറാക്കിയ പദ്ധതിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. ധരങ് ജില്ലയിലെ ധോല്‍പുരിലെ ഗ്രാമീണ മേഖലയില്‍, ഭൂമികൈയ്യേറ്റം ആരോപിച്ചാണ് പതിറ്റാണ്ടുകളായി മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പൊലീസ് അക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയാണിത്.
ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും തുല്യതയും സുരക്ഷയും നല്കുന്ന ഭരണഘടനയുടെ ഉറപ്പിന് നേരെയുള്ള കടന്നാക്രമണമാണിത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി.ബി ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും പി.ബി ആവശ്യപ്പെട്ടു.
ബി.ജെ.പി സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പോരാടുന്ന മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നുവെന്നും പി.ബി അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഒരാളുടെ മൃതദേഹം പൊലീസിന്റെ കൂടെയുള്ള ഫോട്ടോഗ്രാഫർ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്നതും പുറത്തുവന്നിരുന്നു.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൈാഴിപ്പിക്കപ്പെട്ടവരിൽ അധികവും. എണ്ണൂറോളം കുടുംബത്തിലായി രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു മാസത്തിനിടെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ഒഴിപ്പിക്കലാണിത്. ഇക്കഴിഞ്ഞ ജൂണില്‍ 49 മുസ്ലിം കുടുംബത്തെയും ഒരു ഹിന്ദു കുടുംബത്തെയും ഒഴിപ്പിച്ചു.
ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.