സി.പി.എം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയുയർന്നു
text_fieldsമധുരയിൽ സി.പി.എം പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്നു (ഫോട്ടോ: പി.ബി. ബിജു)
മധുര: സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് തമിഴ്നാട്ടിലെ മധുരയിൽ തുടക്കമായി. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. ഏപ്രിൽ ആറ് വരെയാണ് പാർട്ടി കോൺഗ്രസ്.
1972ൽ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന മധുര നീണ്ട 53 വർഷത്തിനു ശേഷമാണ് രാജ്യത്തെ പ്രധാന തൊഴിലാളി വർഗ പാർട്ടിയുടെ അഖിലേന്ത്യ സമ്മേളനത്തിന് വീണ്ടും വേദിയാകുന്നത്.
കീഴ്വെൺമണി രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ കൈമാറിയ പതാക, ജാഥയായി കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകിയുടെ നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തുകയായിരുന്നു. ഇന്ന് രാവിലെ പാർട്ടി കൺട്രോൾ കമീഷൻ ചെയർമാൻ എ.കെ. പത്മനാഭൻ പതാക ഏറ്റുവാങ്ങി. ശേഷമാണ് ബിമൻ ബസു പതാക ഉയർത്തിയത്.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സർക്കാർ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കമുള്ളവർ സംസാരിക്കും.
ഉച്ചതിരിഞ്ഞാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. മൂന്നിന് വൈകീട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും.
2022ലെ കണ്ണൂർ പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഈ സമ്മേളന വേളയിൽ ജ്വലിക്കുന്ന ഓർമയാണ്. ഇരുവരുടെയും നാമധേയത്തിലാണ് സമ്മേളന, പ്രതിനിധി സമ്മേളന നഗരികൾ. കേരളത്തിൽ നിന്നുള്ള 175 പേരടക്കം 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറിന് റിങ് റോഡ് ജങ്ഷനുസമീപം എൻ. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.