പെരുമാറ്റച്ചട്ട ഭേദഗതിയിൽ എതിർപ്പ് അറിയിച്ച് സി.പി.എം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള ധനസമാഹരണ മാർഗവും പ്രകടന പത്രികയിൽ വിശദീകരിക്കണമെന്ന വ്യവസ്ഥ മാതൃക പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പു കമീഷനെ സി.പി.എം എതിർപ്പ് അറിയിച്ചു.
അനാവശ്യ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നു കാണിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇവയാണ്:
തെരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതലയാണ് കമീഷന്. രാഷ്ട്രീയ പാർട്ടികളുടെ നയപ്രഖ്യാപനങ്ങളോ ക്ഷേമവാഗ്ദാനങ്ങളോ വിലയിരുത്തുന്നതും നിയന്ത്രിക്കുന്നതും തെരഞ്ഞെടുപ്പു കമീഷന്റെ പണിയല്ല. രാഷ്ട്രീയ-നയ വിഷയങ്ങളിൽ ഇടപെടാനാണ് പെരുമാറ്റച്ചട്ട ഭേദഗതിയിലൂടെ കമീഷൻ ഒരുങ്ങുന്നത്.
വാഗ്ദാനം നടപ്പാക്കുന്നതിന് അധികധനം എങ്ങനെ കണ്ടെത്തുമെന്ന് പാർട്ടികൾ നിശ്ചിത ഫോറത്തിൽ വിശദീകരിക്കാനാണ് കമീഷൻ ആവശ്യപ്പെടുന്നത്. സാമ്പത്തിക സുസ്ഥിരതയെക്കുറിച്ച കാഴ്ചപ്പാട് നയപരമായ വിഷയമാണ്. വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടാകാം. ഉദാഹരണത്തിന് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനം ധനക്കമ്മിയെന്ന പരിധി ബജറ്റ് നിർവഹണ നിയമത്തിൽ വെച്ചതിന് സി.പി.എം എതിരാണ്. ഇത്തരത്തിൽ അനുകൂലവും പ്രതികൂലവുമായ നിലപാട് ഓരോ വിഷയത്തിലും വിവിധ പാർട്ടികൾക്ക് ഉണ്ടാകാം.
തെരഞ്ഞെടുപ്പിൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നത് അതതു പാർട്ടികളുടെ നയപരമായ തീരുമാനമാണ്. സാമ്പത്തികമായി അത് പ്രായോഗികമാണോ, ഭരണകൂടത്തിന്റെ ധനപരമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ വോട്ടർമാരാണ് പരിശോധിക്കേണ്ടത്. സുപ്രീംകോടതിക്ക് ഏപ്രിലിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതിനു വിരുദ്ധമാണ് തെരഞ്ഞെടുപ്പു കമീഷന്റെ പുതിയ നിർദേശം.
ജയിക്കുന്ന പാർട്ടികൾ മുന്നോട്ടു കൊണ്ടുപോയേക്കാവുന്ന നയപരമായ കാര്യങ്ങൾ നിയന്ത്രിക്കാൻ കമീഷന് കഴിയില്ലെന്നും ബോധിപ്പിച്ചിരുന്നു. അത് കമീഷന്റെ ശരിയായ നിലപാടാണ്. ഇപ്പോഴത്തെ നിലപാടുമാറ്റം ആശ്ചര്യകരവും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിൽ കടന്നുകയറുന്നതുമാണ്. തെരഞ്ഞെടുപ്പ് സൗജന്യങ്ങളുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമീഷൻ ചുവടുമാറ്റിയതെന്നും യെച്ചൂരി കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.