ആലഞ്ചേരിക്കും പാംപ്ലാനിക്കുമെതിരെ സി.പി.എം
text_fieldsന്യൂഡൽഹി: കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കി മുതലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും വശംവദരായ ചില ക്രൈസ്തവ മേലധ്യക്ഷന്മാരാണ് നരേന്ദ്ര മോദി സർക്കാറിനെ വെള്ളപൂശുന്നതെന്ന് സി.പി.എം. കർദിനാൾ ജോർജ് ആലഞ്ചേരി, തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി എന്നിവരെ സി.പി.എം പ്രസിദ്ധീകരണമായ ‘പീപ്ൾസ് ഡെമോക്രസി’ മുഖപ്രസംഗത്തിൽ പേരെടുത്ത് വിമർശിച്ചു. മുസ്ലിംകളും ക്രൈസ്തവരും ചേർന്നാൽ ജനസംഖ്യയിൽ 45 ശതമാനം വരുന്ന കേരളത്തിൽ വിഭാഗീയ രാഷ്ട്രീയത്തിലൂടെ ഇടംപിടിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് മുഖപ്രസംഗത്തിൽ പറഞ്ഞു. മുസ്ലിംകൾക്കിടയിൽ സ്വാധീനം നേടാനാവില്ലെന്നിരിക്കേ, 18 ശതമാനം വരുന്ന ക്രൈസ്തവരെ സ്വാധീനിക്കാനും മുസ്ലിം വിദ്വേഷം പരത്താനുമായി രണ്ടുവിധത്തിലാണ് ബി.ജെ.പി നീക്കം.
ക്രൈസ്തവർക്കിടയിൽ, പ്രത്യേകിച്ച് സിറോ മലബാർ വിഭാഗത്തിനിടയിൽ മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാൻ ശ്രമിക്കുന്നു. ചില ക്രൈസ്തവ നേതാക്കൾ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നതും തീവ്രവാദ കമ്പക്കാരുടെ സംഘടന ഉണ്ടായതും ഈയിടെയാണ്. ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കുന്ന മോദിസർക്കാറിന്റെ രീതിയും പരീക്ഷിക്കുന്നു. വിവിധ ക്രൈസ്തവ വിഭാഗ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം കേരളം കണ്ടതാണ്.
കത്തോലിക്ക വിഭാഗത്തിന്റെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെയും ഇ.ഡി അന്വേഷണമുണ്ട്. അതിരൂപതയുടെ വസ്തു വിറ്റതിൽ ക്രമക്കേട് ആരോപിച്ച് ഇ.ഡി അദ്ദേഹത്തിനെതിരെ കള്ളപ്പണ കേസ് എടുത്തു. ചർച്ച് വിദേശ ധനസഹായം സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങൾ കർക്കശമാക്കിയും സമ്മർദം മുറുക്കിയിട്ടുണ്ട്. പ്രലോഭന തന്ത്രമാണ് ബി.ജെ.പിയുടെ രണ്ടാമത്തെ രീതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തീഡ്രൽ സന്ദർശനവും കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ക്രൈസ്തവ പ്രീണനവും ഇതിന്റെ ഭാഗം.
ഇതെല്ലാം വഴി ക്രൈസ്തവ സമൂഹത്തിൽ വേരുപടർത്താമെന്നാണ് ചിന്ത. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ക്രൈസ്തവരോട് ബി.ജെ.പി എങ്ങനെ പെരുമാറുന്നുവെന്ന് എല്ലാവർക്കുമറിയും. മുസ്ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ആഭ്യന്തരഭീഷണിയെന്നാണ് ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കർ പ്രചരിപ്പിച്ചത്.ബി.ജെ.പിക്കാരായ ഭരണാധികാരികളുടെ നിരന്തര സമ്മർദത്തിന് ചില മതനേതാക്കൾ വഴങ്ങുന്നതിന്റെ തെളിവാണ് കർദിനാൾ ആലഞ്ചേരി ഈയിടെ നടത്തിയ പരാമർശങ്ങൾ. മോദി നല്ല നേതാവാണെന്നും ബി.ജെ.പി ഭരണത്തിൽ ക്രൈസ്തവർ അരക്ഷിതരല്ലെന്നും ആലഞ്ചേരി വാദിക്കുന്നു. എന്നാൽ, ഇതൊന്നും ക്രൈസ്തവ സമൂഹത്തിന്റെ കാഴ്ചപ്പാടല്ല. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ആലഞ്ചേരി, പാംപ്ലാനി തുടങ്ങിയവരുടെ വീക്ഷണം ചോദ്യം ചെയ്തിട്ടുണ്ട്. മതേതര സംസ്കാരത്തിന്റെ ഭാഗമാണ് കേരളത്തിലെ ക്രൈസ്തവർ. ബി.ജെ.പി-ആർ.എസ്.എസിന്റെ ക്രിസ്ത്യൻ വിരുദ്ധതയെക്കുറിച്ച് അവർക്ക് ബോധ്യമുണ്ട് -മുഖപ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.