ഇവിടെ രാഹുലിനെതിരെ വീറോടെ സി.പി.എം; അതിർത്തിക്കപ്പുറത്ത് രാഹുലിനെ ഉയർത്തിക്കാട്ടി വോട്ടുപിടിത്തം
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വയനാട് മണ്ഡലത്തിൽ ഏതുവിധേനയും തോൽപിക്കാനുറച്ചാണ് കേരളത്തിലെ സി.പി.എം ഇക്കുറി പോരാട്ടം കൊഴുപ്പിക്കുന്നത്. പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്ന് വയനാട്ടിലെത്തുകയാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.ഐ ദേശീയ നേതാവ് ആനി രാജയാണ് വയനാട്ടിൽ മത്സരരംഗത്തെങ്കിലും സി.പിഐയേക്കാൾ വാശിയോടെ രാഹുലിനെതിരെ പടയൊരുക്കം നടത്തുന്നത് സി.പി.എമ്മാണ്. രാഹുൽ ഗാന്ധിയുടെ രണ്ടാം വരവ് തോൽവി ഏറ്റുവാങ്ങാനാണെന്ന് സി.പി.എമ്മിന്റെ ജില്ല നേതാക്കൾ അവകാശവാദം മുഴക്കുമ്പോൾ അതിന് ഊർജം പകരാൻ പിണറായി വിജയൻ ഇന്ന് സുൽത്താൻ ബത്തേരിയിലും പനമരത്തും ഇടതുമുന്നണി റാലികളിൽ പങ്കെടുക്കും.
വയനാട്ടിൽ രാഹുലിനെതിരെ പ്രചണ്ഡ പ്രചാരണങ്ങളുമായി സി.പി.എം അരയും തലയും മുറുക്കുമ്പോൾ, ജില്ലക്ക് തൊട്ടുകിടക്കുന്ന തമിഴ്നാട്ടിൽ പക്ഷേ, ഇതിനു നേർവിപരീതമാണ് കാര്യങ്ങൾ. അവിടെ സി.പി.എമ്മിന്റെ ഏറ്റവും വലിയ താരപ്രചാരകരിൽ ഒരാളായാണ് രാഹുലിനെ അവതരിപ്പിക്കുന്നത്. രാഹുലിനെതിരെ പിണറായി വിജയൻ വയനാട്ടിൽ പ്രചാരണത്തിനെത്തുന്ന അതേദിവസം, മധുര മണ്ഡലത്തിലെ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി യും സ്ഥാനാർഥിയുമായ എസ്. വെങ്കടേശൻ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
തമിഴ്നാട്ടിൽ സു വെങ്കടേശൻ എന്നറിയപ്പെടുന്ന അദ്ദേഹം, സമൂഹ മാധ്യമങ്ങളായ എക്സിലും ഫേസ്ബുക്കിലുമൊക്കെ പങ്കുവെച്ച തെരഞ്ഞെടുപ്പ് പോസ്റ്ററിൽ രാഹുൽ ഗാന്ധിയും ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് പ്രധാനമായും ഉള്ളത്. സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടേതോ മുൻ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേതോ ചിത്രങ്ങളില്ലാത്ത ഇലക്ഷൻ പോസ്റ്ററിൽ നടൻ കമൽ ഹാസനും ലീഗ് നേതാവ് ഖാദർ മൊയ്തീനും ഉൾപ്പെടെ മുന്നണിയിലെ പ്രാദേശിക നേതാക്കളുടെയും ചിത്രങ്ങളുമുണ്ട്. യെച്ചൂരിയും കാരാട്ടുമില്ലാത്ത തന്റെ ഇലക്ഷൻ പോസ്റ്ററിൽ കൈവീശി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ മുഴുനീള ചിത്രം നൽകി സി.പി.എം സ്ഥാനാർഥി വോട്ടുപിടിക്കുന്നത് കേരളത്തിലെ കോൺഗ്രസ് സൈബർ ഹാൻഡിലുകളും കാര്യമായി പ്രചരിപ്പിക്കുന്നുണ്ട്.
പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് സു. വെങ്കിടേശൻ. 2011ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ‘കാവൽ കോട്ടം’ എന്ന തമിഴ് നോവലിനായിരുന്നു. 28 വർഷമായി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായ വെങ്കിടേശൻ നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. 16 പുസ്തകങ്ങൾ രചിച്ച അദ്ദേഹം മികച്ച പ്രാസംഗികനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.