സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.എം. തിവാരി അന്തരിച്ചു
text_fieldsന്യൂഡൽഹി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും ഡൽഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ. എം. തിവാരി (70) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സി.പി.എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫിസിലും ബുധനാഴ്ച രാവിലെ 09.30 മുതൽ 11 വരെ എച്ച്.കെ.എസ് സുർജീത് ഭവനിലും പൊതുദർശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌കാരത്തിനായി നിഗംബോധ്ഘട്ടിലേക്ക് കൊണ്ടുപോകും.
ട്രേഡ് യൂനിയൻ നേതാവായാണ് തിവാരി സി.പി.എം നേതൃത്വത്തിലേക്ക് ഉയർന്നത്. 1977ൽ സി.പി.എമ്മിൽ അംഗമായി. 1988-ൽ ഡൽഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ൽ സെക്രട്ടേറിയറ്റിലേക്കും 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2024 വരെ സി.പി. എം ഡൽഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
ഗാസിയാബാദിലെ വ്യവസായമേഖലയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നയിച്ചു. സി.ഐ.ടി.യു പ്രവർത്തക സമിതിയിലും ജനറൽ കൗൺസിലിലും വർഷങ്ങളോളം പ്രവർത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് മാസത്തിലധികം ജയില്‍വാസമനുഷ്ടിച്ച അദ്ദേഹം മൂന്ന് വര്‍ഷവും ഒമ്പത് മാസവും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.