ത്രിപുരയിൽ സി.പി.എം-കോൺഗ്രസ് സംയുക്ത റാലി ഇന്ന്
text_fieldsന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പിൽ പൊതുശത്രുവായ ബി.ജെ.പിയെ നേരിടാൻ ധാരണയിലെത്തിയ സി.പി.എമ്മും കോൺഗ്രസും ശനിയാഴ്ച തലസ്ഥാനമായ അഗർതലയിൽ സംയുക്ത റാലി നടത്തും. ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരുമിച്ചുള്ള പ്രചാരണത്തിന് റാലി തുടക്കമിടും.
ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റാലിയിൽ പാർട്ടി പതാകകൾക്കു പകരം ദേശീയ പതാക ഉപയോഗിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമൻ എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതിനിടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് ബൈക്ക് റാലിക്കു നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. വെസ്റ്റ് ത്രിപുരയിലെ മജിലാഷ്പുരിൽ കോൺഗ്രസ് നടത്തിയ ബൈക്ക് റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു.
ബി.ജെ.പി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം, കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിരുന്നു. സംഘർഷങ്ങൾ വോട്ടർമാരുടെ പങ്കാളിത്തത്തെ ബാധിക്കുമെന്നും ഒരാഴ്ചക്കിടെ ത്രിപുരയിൽ ഒമ്പത് ആക്രമണമാണ് നടന്നതെന്നും കൂടിക്കാഴ്ചയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
അജോയ് കുമാറിനു നേരെയുണ്ടായ ബി.ജെ.പി ആക്രമണം തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും കമീഷനുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.