ത്രിപുരയിൽ പ്രചാരണത്തിന് തുടക്കമിട്ട് സി.പി.എം- കോൺഗ്രസ് റാലി
text_fieldsന്യൂഡൽഹി: ത്രിപുരയിൽ ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ദേശീയപതാകയുമേന്തി സി.പി.എമ്മും കോൺഗ്രസും സംയുക്ത റാലി നടത്തി. ശനിയാഴ്ച അഗർതലയിൽ നടന്ന റാലിയിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാർ, സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോൺഗ്രസ് മുൻ മുഖ്യമന്ത്രി സമിർ രഞ്ജൻ ബർമാൻ, ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാർ, കോൺഗ്രസ് എം.എൽ.എ സുദീപ് റോയ് ബർമൻ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് സി.പി.ഐ, സി.പി.ഐ (എം.എൽ.), ത്രിപുര പീപ്ൾസ് പാർട്ടി നേതാക്കളും അണികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
നീതിപൂർവകവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട്, റാലിക്ക് പിന്നാലെ നേതാക്കാൾ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ, പൊലീസ് സൂപ്രണ്ട് ശങ്കർ ദേബ്നാഥ്, ജില്ല മജിസ്ട്രേറ്റ് തുടങ്ങിയവരുമായി ചർച്ച നടത്തി. തെരഞ്ഞെടുപ്പ് ആക്രമണങ്ങൾ ഇല്ലാതാക്കാൻ മുൻകൈ എടുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പി ആക്രമണ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണെന്നും നേതാക്കൾ പ്രതികരിച്ചു.
സഖ്യം തീരുമാനത്തിലെത്താതെ തിപ്ര മോത്ത
കോൺഗ്രസുമായും സി.പി.എമ്മുമായും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താതെ തിപ്ര മോത്ത. ബി.ജെ.പിക്കുവേണ്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ കഴിഞ്ഞദിവസം തിപ്ര മോത്ത അധ്യക്ഷൻ പ്രത്യോദ് ദേബർമാനുമായി ചർച്ച നടത്തിയിരുന്നു. തിപ്രലാൻഡ് രൂപവത്കരണമെന്ന ആവശ്യം രേഖാമൂലം ഉറപ്പുനൽകുന്നവരുമായി മാത്രമേ സഖ്യമുള്ളൂവെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് പാർട്ടി.
നിലവിൽ, 45 മണ്ഡലങ്ങളിൽ മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം.
ഏത് പാർട്ടി അധികാരത്തിലായാലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരവും ശബ്ദവും നിങ്ങൾ അവഗണിക്കുകയാണെങ്കിൽ, പാർട്ടികൾ ഉയർന്നുവരുമെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയേണ്ടതുണ്ടെന്ന് പ്രത്യോദ് ദേബർമാൻ പറഞ്ഞു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യോത്, 2019ൽ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് തിപ്ര മോത്ത രൂപവത്കരിച്ചത്.
ആക്രമണം നോക്കിനിന്ന പൊലീസുകാർക്ക് സസ്പെൻഷൻ
പടിഞ്ഞാറൻ ത്രിപുരയിൽ കോൺഗ്രസ് ബൈക്ക് റാലിക്കുനേരെയുണ്ടായ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതിന് സബ് ഡിവിഷനൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേരെ തെരഞ്ഞെടുപ്പ് കമീഷൻ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനവും പുറത്തിറക്കി. ജനുവരി 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മജ്ലിഷ്പൂരിൽ കോൺഗ്രസ് നടത്തിയ റാലിക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കമീഷന് കോൺഗ്രസ് പരാതി നൽകിയതിനു പിന്നാലെയാണ് നടപടി. ആക്രമണത്തിൽ കോൺഗ്രസ് ദേശീയ നേതാവ് അജോയ് കുമാർ ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.