ത്രിപുരയിൽ സി.പി.എം, കോൺഗ്രസ് സീറ്റ് പങ്കിടൽ ചർച്ചകളിലേക്ക് ; ബി.ജെ.പിയെ തോൽപിക്കൽ മുഖ്യ ലക്ഷ്യം
text_fieldsന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടുന്നതിന് കൈകൊടുക്കാൻ തീരുമാനിച്ച സി.പി.എമ്മും കോൺഗ്രസും സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുന്നു. ത്രിപുരയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാറും സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വെള്ളിയാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണി കൺവീനർ നാരായൺ കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്നതിനും സീറ്റ് പങ്കിടൽ പൂർത്തീകരിക്കുന്നതിനും സംസ്ഥാന കോൺഗ്രസ്, സി.പി.എം നേതൃത്വം ഉടൻ ഒരുമിച്ചിരിക്കുമെന്ന് കൂടിക്കാഴ്ചക്കുശേഷം ജിതേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനും തുറന്ന മനസ്സോടെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണമല്ല പ്രധാനം. ബി.ജെ.പിയെ തോൽപിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.‘തിപ്ര മോത്ത’ പാർട്ടി ചെയർമാൻ പ്രദ്യോത് മാണിക്യ ദേബ്ബര്മയുമായും ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ജിതേന്ദ്ര കൂട്ടിച്ചേർത്തു. പ്രദ്യോത് മാണിക്യ ദേബ്ബര്‍മ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിൽ അഗർത്തലയിൽ നടന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ്, പൊതുശത്രുവായ ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസുമായി നീക്കുപോക്കിലെത്താൻ അന്തിമ തീരുമാനമെടുത്തത്. ത്രിപുരയില്‍ ബി.ജെ.പിയെ തോൽപിക്കാന് എല്ലാ അടവുനയവും സ്വീകരിക്കുമെന്നും ഇതിനുവേണ്ട നടപടികൾ സംസ്ഥാന സി.പി.എം നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
സി.പി.എം സംസ്ഥാന നിർവാഹക സമിതി യോഗത്തിനുമുമ്പ് യെച്ചൂരി കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, അജോയ് കുമാർ എന്നിവരുമായി ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. 25 വർഷം ത്രിപുര ഭരിച്ച സി.പി.എമ്മിന് 2018ലാണ് ഭരണം നഷ്ടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.