ഭാരത് ജോഡോയോ അതോ സീറ്റ് ജോഡോയോ? രാഹുലിന്‍റെ യാത്രയെ പരിഹസിച്ച് സി.പി.എം
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സി.പി.എം. നടക്കുന്നത് ഭാരത് ജോഡോ യാത്രയോ അതോ സീറ്റ് ജോഡോ യാത്രയോ എന്ന് സി.പി.എം ട്വീറ്റിലൂടെ ചോദിച്ചു.
ഭാരതത്തിന്‍റെ ഐക്യത്തിന് വേണ്ടിയോ അതോ സീറ്റിന് വേണ്ടി മാത്രമുള്ളതോ എന്നാണ് സി.പി.എം ചോദിക്കുന്നത്. 'കേരളത്തിൽ 18 ദിവസത്തെ യാത്ര, യു.പിയിൽ രണ്ട് ദിവസം മാത്രം. ബി.ജെ.പി-ആർ.എസ്.എസിനെതിരെ പോരാടാനുള്ള വിചിത്രമായ വഴി' എന്നാണ് രാഹുൽ ഗാന്ധിയുടെ കാരിക്കേച്ചർ അടങ്ങിയ സി.പി.എം പോസ്റ്ററിൽ പറയുന്നത്.
എന്നാൽ, സി.പി.എമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. ഭാരത് ജോഡോ ഇങ്ങനെ ആസൂത്രണം ചെയ്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും സി.പി.എം പഠിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. മുണ്ട് മോദിയുടെ നാട്ടിൽ ബി.ജെ.പിയുടെ എ ടീമായ പാർട്ടിയാണ് ഇങ്ങനെയൊരു വിലകുറഞ്ഞ വിമർശനം നടത്തുന്നതെന്നും ജയറാം രമേശ് തിരിച്ചടിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബർ ഏഴിനാണ് തുടക്കമായത്. തമിഴ്നാട്ടിലെ പര്യടനത്തിന് ശേഷം ഇന്നലെയാണ് യാത്ര കേരളത്തിൽ പ്രവേശിച്ചത്. കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ആകെ 3500 കിലോമീറ്റർ പിന്നിട്ടാണ് യാത്ര പൂർത്തിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.