കർണാടകയിൽ ഒറ്റ സീറ്റിൽ സി.പി.എം; സി.പി.ഐ പിന്തുണയില്ല
text_fieldsബംഗളൂരു: കർണാടകയിൽ ചിക്കബല്ലാപുര സീറ്റിൽ മത്സരിക്കാൻ സി.പി.എം തീരുമാനം. ചിക്കബല്ലാപുര ഒഴികെ മറ്റു 27 സീറ്റിലും കോൺഗ്രസിന് നിരുപാധിക പിന്തുണ നൽകും. അതേസമയം, ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ചിക്കബല്ലാപുരയിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ സി.പി.എം മത്സരിക്കുന്നുണ്ടെങ്കിലും ഇടതുപാർട്ടിയായ സി.പി.ഐയുടെ പിന്തുണ ലഭിക്കില്ല.
ഇടതു പാർട്ടികളുമായി കൂടിയാലോചനയില്ലാതെയാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ഇൻഡ്യ മുന്നണിയുടെ ഭാഗമായതിനാൽ ബി.ജെ.പിക്കെതിരെ മണ്ഡലത്തിൽ ശക്തമായ സാന്നിധ്യമെന്ന നിലയിൽ കോൺഗ്രസിനെ പിന്തുണക്കുമെന്നും സി.പി.ഐ കർണാടക സെക്രട്ടറി സാതി സുരേഷ് ‘മാധ്യമ’ത്തേതാട് പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‍ലി ബി.ജെപിയുടെ ബി.എൻ. ബച്ചെഗൗഡയോട് 1,82,110 വോട്ടിനാണ് ചിക്കബല്ലാപുരയിൽ പരാജയപ്പെട്ടത്. ബി.എസ്.പിയുടെ സി.എസ്. ദ്വാരകാനാഥിനും പിന്നിൽ 18,648 വോട്ടുമായി (1.3 ശതമാനം) നാലാമതായിരുന്നു സി.പി.എം സ്ഥാനാർഥി വരലക്ഷ്മി.
ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.പി. മുനിവെങ്കടപ്പയെ സി.പി.എം രംഗത്തിറക്കുന്നു. മുൻ മന്ത്രി ഡോ. കെ. സുധാകറാണ് ബി.ജെ.പി സ്ഥാനാർഥി. 2019ൽ സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ ബി.ജെ.പിയിലെത്തിയ നേതാവാണ് സുധാകർ.
കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രക്ഷാരാമയ്യയാണ് ചിക്കബല്ലാപുരിൽ പരിഗണനയിലുള്ളതെന്നും സി.പി.എമ്മിനുവേണ്ടി സീറ്റ് വിട്ടുനൽകില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സ്ഥാനാർഥിയായ എച്ച്.ഡി. ദേവഗൗഡ മത്സരിച്ച തുമകൂരു സീറ്റിൽ സി.പി.ഐ മത്സരിച്ചിരുന്നു. 13,339 വോട്ടിനാണ് ദേവഗൗഡ ബി.ജെ.പി സ്ഥാനാർഥിയായ ബസവരാജിനോട് പരാജയപ്പെട്ടത്.
സി.പി.ഐ സ്ഥാനാർഥിയായ എൻ. ശിവണ്ണ 17,227 വോട്ട് പിടിച്ചു. ഈ അനുഭവം മുന്നിൽനിൽക്കെ, ഇത്തവണ മത്സരത്തിൽനിന്ന് പിന്മാറിയ സി.പി.ഐ കർണാടകയിൽ ബി.ജെ.പിയെ തോൽപിക്കാൻ മുഴുവൻ സീറ്റിലും കോൺഗ്രസിന് പിന്തുണ നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.