ജഹാംഗീർപുരി: ബി.ജെ.പി ബുൾഡോസറുകൾ ബൃന്ദ കാരാട്ട് ഇറങ്ങി തടഞ്ഞു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി സ്റ്റേ മാനിക്കാതെ ജഹാംഗീർപുരി പള്ളിയുടെ ഭാഗം അടക്കമുള്ള മുസ്ലിംകളുടെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മുന്നോട്ടുപോയ ബി.ജെ.പി മുനിസിപ്പൽ കൗൺസിലിന്‍റെ ബുൾഡോസറുകൾ സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ഇറങ്ങി തടഞ്ഞു. രാവിലെ 10.45ന് തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട ശേഷവും ഒരു മണിക്കൂർ പൊളിച്ചുനീക്കലുമായി മുന്നോട്ടുപോയപ്പോഴാണ് ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ നേരിട്ട് വന്ന് പൊളിച്ചുനീക്കൽ തടഞ്ഞത്. അതേസമയം, കോടതി ഉത്തരവ് ലംഘിച്ചതിനെതിരെ അഭിഭാഷകർ വീണ്ടും സുപ്രീംകോടതിയിലെത്തി. തുടർന്ന് ഉത്തരവ് ബന്ധപ്പെട്ടവരെ അറിയിക്കാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.
മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദുഷ്യന്ത് ദവെയും നേടിയ കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. ബൃന്ദക്ക് പിന്നാലെ പൊളിക്കൽ തടയണമെന്ന ആവശ്യവുമായി രംഗത്തുവന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹരജിയിലാണ് ഒഴിപ്പിക്കൽ നിർത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്.
മുനിസിപ്പൽ കൗൺസിൽ പറയാതെ പൊളിക്കൽ നിർത്തില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. കോടതി ഉത്തരവ് തങ്ങൾക്ക് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഉത്തരവിന് ശേഷവും ഒന്നര മണിക്കൂർ ബുൾഡോസറുകൾ ഇടിച്ചുപൊളിക്കൽ തുടർന്നത്. ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ്ലിം ഉടമസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച ബുൾഡോസറുകൾ അതിന്‍റെ പരിസരത്തെ കെട്ടിടങ്ങളിലേക്കോ തൊട്ടടുത്ത ശിവ ക്ഷേത്രത്തിലേക്കോ പ്രവേശിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.