വിലക്കയറ്റം നിയന്ത്രിക്കും; ജാതി സെൻസസ് നടപ്പാക്കുമെന്ന് സി.പി.എം പ്രകടനപത്രിക
text_fieldsന്യൂഡൽഹി: ജാതി സെൻസസ് നടപ്പാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. കരിനിയമമായ യു.എ.പി.എ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവ റദ്ദാക്കുമെന്നും ന്യൂനപക്ഷ സമുദായങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും പ്രകടന പത്രിക പറയുന്നു. വ്യാഴാഴ്ച ഡൽഹി എ.കെ.ജി ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്നുപേരുടെ വിദഗ്ധ സമിതി ഗവര്‍ണറെ തിരഞ്ഞെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കേന്ദ്ര നികുതിവിഹിതത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകും. പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും. വിദ്വേഷ പ്രസംഗത്തിനെതിരെ പ്രത്യേക നിയമം കൊണ്ടുവരും. ആദിവാസികൾക്കും സ്ത്രീകൾക്കും നീതി വേഗത്തിൽ നടപ്പാക്കും. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും.
വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയെടുക്കും. സബ്‌സിഡിയോടെ ധാന്യവിതരണം പുനഃസ്ഥാപിക്കും. പൊതുവിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം നൽകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം പരിശോധിക്കും. സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും. നഗര മേഖലയിൽ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികൾക്ക് സമാനരീതിയിലുള്ള പദ്ധതി നടപ്പാക്കും. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്ന നയങ്ങൾ നടപ്പാക്കാൻ സി.പി.എം പ്രതിജ്ഞാബദ്ധമാണെന്നും പ്രകടന പത്രികയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.