സിൽവർ ലൈനിന് കേന്ദ്രപിന്തുണ തേടി സി.പി.എം എം.പിമാർ
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരായ വാദഗതികൾക്ക് വില കൽപിക്കരുതെന്നും സംസ്ഥാനത്തിെൻറ വികസനത്തിൽ നാഴികക്കല്ലായ പദ്ധതി നടപ്പാക്കാൻ ത്വരിത നടപടി സ്വീകരിക്കണമെന്നും സി.പി.എം എം.പിമാരുടെ സംഘം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയുടെ നേതാവ് ബിനോയ് വിശ്വം, ലോക്താന്ത്രിക് ജനതാദൾ നേതാവ് എം.വി. ശ്രേയാംസ് കുമാർ, കേരള കോൺഗ്രസിലെ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നില്ല. എളമരം കരീം, ജോൺ ബ്രിട്ടാസ്, എ.എം. ആരിഫ്, വി. ശിവദാസൻ എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
പല്ലുവേദന മൂലം ഡോക്ടറെ കാണാൻപോയതു കൊണ്ടാണ് മന്ത്രിയെ കാണാൻ പോകാതിരുന്നതെന്നും വിട്ടുനിന്നതല്ലെന്നും മുൻ വനം-പരിസ്ഥിതിമന്ത്രി കൂടിയായ ബിനോയ് വിശ്വം വിശദീകരിച്ചു. കഴിഞ്ഞദിവസം മന്ത്രിയെ കാണാനായി അദ്ദേഹത്തിെൻറ ഓഫിസിൽ ചെന്ന സംഘത്തിൽ ബിനോയ് വിശ്വം ഉണ്ടായിരുന്നതിനാൽ, അദ്ദേഹം വിട്ടുനിന്നതായി കരുതുന്നില്ലെന്ന് എളമരം കരീം പറഞ്ഞു. ആദ്യം കാണാൻ ചെന്നപ്പോൾ മന്ത്രി മറ്റു തിരക്കുകളിലായിരുന്നു. അതുകൊണ്ടാണ് ചർച്ച വെള്ളിയാഴ്ചത്തേക്ക് നിശ്ചയിച്ചത്. വെള്ളിയാഴ്ച രാവിലെ കാണാൻ മന്ത്രി സമയം അനുവദിച്ചപ്പോൾ ലഭ്യമായ എം.പിമാരുമായി പോവുകയായിരുന്നുവെന്നും എളമരം കരീം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് 19 എം.പിമാർ ഒപ്പിട്ട കത്ത് കഴിഞ്ഞദിവസം യു.ഡി.എഫിനുവേണ്ടി കൊടിക്കുന്നിൽ സുരേഷ് മന്ത്രിക്ക് നൽകിയിരുന്നു. ഇവരുമായി വിശദ ചർച്ച നിശ്ചയിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളെയും ചർച്ചയിൽ ഉൾപ്പെടുത്തണമെന്ന് സി.പി.എം എം.പിമാർ ആവശ്യപ്പെട്ടു. എന്നാൽ, ഒന്നിച്ചുള്ള കൂടിക്കാഴ്ചക്ക് യു.ഡി.എഫ് തയാറായില്ല. ഇതിനിടയിലാണ് സി.പി.എമ്മിലെ നാല് എം.പിമാർ മന്ത്രിയെ കണ്ടത്. വികസന പദ്ധതിയെ തകർക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി നീക്കത്തിനൊപ്പം റെയിൽവേ നിൽക്കരുതെന്ന് ആവശ്യപ്പെട്ടതായി എം.പിമാർ അറിയിച്ചു.
സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ നിലപാടെന്ത്? –പ്രേമചന്ദ്രൻ
ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന സിൽവർ ലൈൻ പദ്ധതികാര്യത്തിൽ സി.പി.എം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ബി.ജെ.പിയുടെ സ്വപ്നപദ്ധതിയായ മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ തീവ്രമായി എതിർത്ത സി.പി.എം കേരളത്തിൽ അതിവേഗ ട്രെയിൻ സർവിസ് തുടങ്ങുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എതിര്‍ക്കപ്പെടേണ്ട 10 പദ്ധതികളിലൊന്നായി സി.പി.എം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച അതിവേഗ റെയില്‍ കേരളത്തില്‍ നടപ്പാക്കുന്നതിെൻറ യുക്തിയെന്തെന്ന് ബോധ്യപ്പെടുത്താന്‍ കേന്ദ്ര നേതൃത്വത്തിന് ബാധ്യതയുണ്ട്. അടിക്കടി പ്രകൃതിക്ഷോഭം നേരിടുന്ന കേരളത്തിെൻറ ആവാസവ്യവസ്ഥ തകർക്കുന്നതാണ് സിൽവർ ലൈൻ. അതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന തിടുക്കം ദുരൂഹമാണ്. ഇടതുരാഷ്ട്രീയത്തെ പിന്തുണക്കുന്ന വിദഗ്ധരും ശാസ്ത്രസാഹിത്യ പരിഷത്ത്, യുവകലാസാഹിതി തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളും എതിര്‍ത്തിട്ടും ചര്‍ച്ചക്കു പോലും തയാറാകാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.