ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു; നിരവധി വാഹനങ്ങൾ കത്തിച്ചു
text_fieldsഅഗർത്തല: സി.പി.എം-ബി.ജെ.പി സംഘർഷം തുടരുന്ന ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗർത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവൻ കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
ഓഫിസുകൾക്ക് മുന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇവിടെ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിനിടെയാണ് വ്യാപക അക്രമമുണ്ടായത്.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാറിനെ സ്വന്തം മണ്ഡലമായ ധൻപൂരിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. ധൻപൂരിലെ കതാലിയയിൽ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവർത്തകർ തടയുകയായിരുന്നു.
തുടർന്ന് സി.പി.എം പ്രവർത്തകർ പ്രദേശത്ത് സംഘടിക്കുകയും മണിക് സർക്കാറിന് സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.