സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന്; കേരള മന്ത്രിസഭയിലെ അഴിച്ചുപണി ചർച്ചയാകും
text_fieldsന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കും. രാജ്യത്തെ പൊതുരാഷ്ടീയ സാഹചര്യം ചര്‍ച്ചയാകുന്നതിനൊപ്പം, കേരള മന്ത്രിസഭയിലെ അഴിച്ചുപണി ചർച്ചയാകാനാണ് സാധ്യത. മന്ത്രിസഭാ പുന:സംഘടനയില്‍ പരിഗണിക്കേണ്ടത് മുന്നണിധാരണയാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. എന്നാല്‍, സി.പി.എം മന്ത്രിമാര്‍ക്കോ വകുപ്പിലോ മാറ്റം വേണമെങ്കില്‍ അത് പി.ബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം.
പ്രതിപക്ഷ സഖ്യമായ `ഇൻഡ്യ'യുടെ ഏകോപന സമിതിയില്‍ പാര്‍ട്ടി പ്രതിനിധി വേണമോയെന്നതില്‍ പിബി യോഗം തീരുമാനം എടുത്തേക്കും. ഏകോപന സമിതിയില്‍ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചാല്‍ പ്രതിനിധിയെയും പൊളിറ്റ്ബ്യൂറോ നിശ്ചയിക്കും. ഏകോപന സമിതിയെ തീരുമാനിച്ച മുംബൈയിലെ `ഇൻഡ്യ' സഖ്യത്തിന്റെ യോഗത്തില്‍ പ്രതിനിധിയെ സംബന്ധിച്ച് തീരുമാനിച്ച് അറിയിക്കാം എന്നായിരുന്നു സി.പി.എം നിലപാട്.
പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ചും സീറ്റ്ധാരണ സംബന്ധിച്ചും സംസ്ഥാന തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് സി.പി.എം നിലപാട്. ബംഗാളിലും ത്രിപുരയിലും സഖ്യനീക്കത്തെ കുറിച്ചുള്ള ധാരണ പാര്‍ട്ടിക്ക് നിര്‍ണായകമാണ്. കേരളത്തില്‍ നിലവിലുള്ള മുന്നണി സംവിധാനത്തില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഈ മാസം 18 മുതല്‍ 22വരെ ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവും പൊളിറ്റ്ബ്യൂറോ ചര്‍ച്ചയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.