ആഡംബര ജീവിതശൈലി: റിതബ്രതോ ബാനർജി എം.പിയെ സി.പി.എം സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: ബംഗാളിൽനിന്നുള്ള രാജ്യസഭ എം.പിയും എസ്.എഫ്.െഎ മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ റിതബ്രതോ ബാനർജിയെ മൂന്ന് മാസത്തേക്ക് സി.പി.എം ബംഗാൾ ഘടകം സസ്െപൻഡ് ചെയ്തു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് നിരക്കാത്ത ആഡംബര ജീവിതശൈലി നയിച്ചതിനാണ് നടപടി. ഫെബ്രുവരി 23ന് പശ്ചിമ ബംഗാൾ സി.പി.എം സംസ്ഥാന സമിതി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു.
സി.പി.എം ബംഗാൾ സംസ്ഥാന സമിതി അംഗം കൂടിയാണ് 38കാരനായ റിതബ്രതോ. മൗണ്ട്ബ്ലാങ്ക് പേനയും ആപ്പിൾ വാച്ചും കൈവശംവെച്ചുള്ള റിതബ്രതോയുടെ ആഡംബര ജീവിതശൈലിക്ക് എതിരെ പ്രതികരിച്ച സി.പി.എം പ്രവർത്തകനെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിനായിരുന്നു ഇൗ നടപടി.
2014 ഏപ്രിൽ മൂന്നിന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിെൻറ കാലാവധി 2020 വരെയുണ്ട്. സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭ കാലാവധി ഇൗ ആഗസ്റ്റിൽ അവസാനിക്കുകയും പുതിയ പ്രതിനിധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് ബന്ധം ആവശ്യമായി വരുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്നുവർഷം കൂടി കാലാവധിയുള്ള അംഗത്വത്തിന് എതിരെ നടപടി. കേന്ദ്ര നേതൃത്വത്തിെൻറ അറിവോടെയാണിത്. ഇതിനുള്ള അംഗീകാരത്തിനായി ബംഗാൾ ഘടകം അടുത്ത കേന്ദ്ര കമ്മിറ്റിക്ക് സമർപ്പിക്കും.
സാധാരണഗതിയിൽ ഒരു തെറ്റിന് രണ്ട് ശിക്ഷാനടപടികൾ പാർട്ടിയിൽ ഇല്ല. പരസ്യശാസന എന്ന പാർട്ടി ഭരണഘടനയിലെ മൂന്നാമത്തെ വലിയ ശിക്ഷ നൽകിയ ശേഷം സസ്പെൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തിലാണ് ഇൗ നടപടി. ഇന്ത്യയിൽ 30,000 രൂപ വില വരുന്ന മൗണ്ട്ബ്ലാങ്ക് പേനയും 25,000 രൂപയുടെ ആപ്പിൾ വാച്ചും ധരിച്ച് ഒരു ഫുട്ബാൾ മത്സരം കാണുന്നതിെൻറ, എഫ്.ബിയിൽ റതിബ്രതോ പോസ്റ്റ് ചെയ്ത ഫോേട്ടാ എടുത്തുകാട്ടി ജീവിതശൈലിയെ വിമർശിച്ച െഎ.ടി ജീവനക്കാരനെതിരെ കമ്പനിയിൽ പരാതി കൊടുക്കുകയും സമൂഹമാധ്യമത്തിലൂടെ മോശമായി ചിത്രീകരിച്ചതിനുമാണ് പരസ്യശാസനക്ക് വിധേയമാക്കിയത്.
റിതബ്രതോയുടെ ആഡംബര ജീവിതശൈലി സംബന്ധിച്ച് നിരവധി പരാതികൾ സംസ്ഥാന ഘടകത്തിനും ലഭിച്ചിരുന്നു. ഇതേക്കുറിച്ച് പാർട്ടി അന്വേഷണ കമീഷനെയും നിയോഗിച്ചിരുന്നു. റിതബ്രതോക്ക് എതിരായ പരാതികളിൽ കഴമ്പുെണ്ടന്നും കടുത്ത നടപടി വേണമെന്നുമുള്ള കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. ‘അവസാനം വരെയും നിറം ചുവപ്പായിരിക്കും’ എന്ന ട്വിറ്ററിലെ കുറിപ്പാണ് നടപടി വിവരം പുറത്തായശേഷം റിതബ്രതോയിൽനിന്നുണ്ടായ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.